Market Watch

Monday, October 25, 2010

സച്ചിന്‍ പുറത്തായാല്‍ വിപണിയും ഇടിയും


മെല്‍ബണ്‍: ഓഹരി വിപണികളില്‍ നഷ്ടമുണ്ടാവരുതെങ്കില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുറത്താവരുത്, ഇന്ത്യ തോല്‍ക്കുകയുമരുത്. ഓഹരി വിപണിയില്‍ ക്രിക്കറ്റിന്റെ സ്വാധീനം സംബന്ധിച്ചുള്ള പഠനം ഇതാണ് തെളിയിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനവും രാജ്യത്തെ ഓഹരി വിപണികളെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണെന്ന് സാമ്പത്തിക വിദഗ്ധന്‍ ഡോ.വിനോദ് മിശ്ര പറയുന്നു. ഇന്ത്യന്‍ വംശജനായ മിശ്ര മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ സഹപ്രവര്‍ത്തകനായ പ്രൊ: റസല്‍ സ്മിത്തുമായി ചേര്‍ന്നു നടത്തിയ പഠനത്തിലാണ് നീലപ്പട ഏകദിന മത്സരങ്ങളില്‍ തോല്‍ക്കുമ്പോള്‍ സൂചികകള്‍ ഇടിയുന്നതായി കണ്ടെത്തിയത്. അതേസമയം, ടീമിന്റെ വിജയം സൂചികകളില്‍ കാര്യമായ സ്വാധീനം ചെലുത്താറില്ലെന്നും പഠനം വ്യക്തമാക്കുന്നു.

ടീം വിജയിച്ചതിന്റെ അടുത്ത ദിവസം നിഫ്റ്റിയില്‍ കയറ്റിറക്കങ്ങള്‍ ദൃശ്യമാവാറില്ല. എന്നാല്‍, സൂചികയില്‍ ശരാശരി 0.231 ശതമാനം നഷ്ടത്തിന് തോല്‍വി വഴിവെയ്ക്കുന്നതായി പഠനം തെളിയിക്കുന്നു. വിജയത്തെ തുടര്‍ന്നുള്ള ദിവസത്തിലൂണ്ടാവുന്ന നീക്കത്തെക്കാള്‍ ഏഴുമടങ്ങാണ് തോല്‍വിയെ തുടര്‍ന്ന് സൂചികകളിലുണ്ടാവുന്ന നഷ്ടം. തോല്‍ക്കുന്ന ടീമില്‍ മാസറ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉണ്ടെങ്കില്‍ നഷ്ടസാധ്യത 20 ശതമാനം വരെ കൂടുമെന്നും പഠനം സൂചിപ്പിക്കുന്നു.