ശശി തരൂര്‍, മന്ത്രി കെ.സുധാകരന്‍, കൊച്ചിയിലെ ബിസിനസുകാരന്‍ എസ്.ആര്‍ നായര്‍... ഇവര്‍ തമ്മിലെന്ത് ബന്ധം? ഇവരെയെല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു ഘടകമുണ്ട്. ഇവരെല്ലാം ഇപ്പോഴത്തെ പുതിയ ട്രെന്‍ഡാ യ സോഷ്യല്‍ മീഡിയയുടെ കരുത്തും സാധ്യതകളും തിരിച്ചറിഞ്ഞവരും അത് തങ്ങളുടെ പ്രവര്‍ത്തന മണ്‌ഡലങ്ങളില്‍ ഉപയോഗിക്കുന്നവരുമാണ്.
ഓര്‍ക്കൂട്ടിനും ഫേസ്‌ബുക്കിനുമൊക്കെ ബിസിനസുമായി എന്ത് ബന്ധം? അതൊക്കെ കുട്ടികളുടെ ഓരോ സമയം കളയാനുള്ള പരിപാടികള്‍- ഇതാണോ ഇപ്പോഴും നിങ്ങളുടെ ചിന്താഗതി? എന്നാല്‍ താഴെപ്പറയുന്ന ഉദാഹരണങ്ങള്‍ കാണൂ.
കംപ്യൂട്ടര്‍ വിപണന രംഗത്തെ പ്രമുഖ കമ്പനിയായ എറണാകുളത്തെ ടീം ഫ്രണ്ട്‌ലൈന്റെ സഹോദര സ്ഥാപനമായ ടീം ഇ-ബിസ് ലിമിറ്റഡ് എന്ന സോഫ്‌റ്റ്‌വെയര്‍ സ്ഥാപനത്തിന് വര്‍ഷാവര്‍ഷം ലഭിക്കുന്ന ബിസിനസിന്റെ 20-30 ശതമാനവും സോഷ്യല്‍ മീഡിയയില്‍ നിന്ന് മാത്രമാണ്. ലിങ്ക്‌ഡ് ഇന്നിലെ കമ്പനി സാരഥിയുടെ പേരിലുള്ള എക്കൗണ്ട് തന്നെയാണ് ബിസിനസിന്റെ പ്രമുഖ സ്രോതസ്. മൈ സ്‌പേസിലും കമ്പനിക്ക് മികച്ച പ്രചാരം ഇവര്‍ കൊടുക്കുന്നു.
മുമ്പ് ഏതെങ്കിലും ബിസിനസ് സ്ഥാപനത്തിന് നിക്ഷേപകനെ ലഭിക്കണമെങ്കില്‍ എത്രമാത്രം അലയണമായിരുന്നു. പക്ഷെ ഇന്ന് യുവ സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ മോബ് മി എന്ന കമ്പനിയെ സോഷ്യല്‍ മീഡിയയിലൂടെ കണ്ട്, കമ്പനിയെത്തേടി എത്തുന്നത് ലോകമെമ്പാടു നിന്നുമുള്ള സംരംഭകരും നിക്ഷേപകരുമാണ്. ബിസിനസ് നല്‍കാനും കമ്പനിയില്‍ നിക്ഷേപിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനുമൊക്കെ. പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമായും ഇവര്‍ ഉപയോഗിച്ചത് ലിങ്ക്‌ഡ് ഇന്‍ തന്നെ.
`വ്യാജ സിഡികള്‍ പെരുകുന്നു, തീയറ്റര്‍ മേഖല പ്രതിസന്ധിയില്‍' എന്ന നിലവിളികള്‍ നിലനില്‍ക്കേ എറണാകുളത്തെ ഒരു പ്രമുഖ തീയറ്റര്‍ മാതൃകാപരമായ ഒരു മാര്‍ക്കറ്റിംഗ് നീക്കമാണ് ഒരു ചെലവുമില്ലാതെ നടത്തിയത്. ഓര്‍ക്കൂട്ടിലെ പ്രസ്‌തുത തീയറ്ററിന്റെ പേരിലുള്ള കമ്യുണിറ്റിയിലെ അംഗങ്ങള്‍ക്കായി മല്‍സരം നടത്തി വിജയികളില്‍നിന്ന് നറുക്കിട്ട് ഓരാള്‍ക്ക് വീതം സൗജന്യ ടിക്കറ്റ് കൊടുത്തുകൊണ്ടിരുന്നു. കമ്യൂണിറ്റി അംഗങ്ങള്‍ക്ക് സിനിമ ടിക്കറ്റ് കൊടുക്കുന്നതില്‍ മുന്‍തൂക്കവും കൊടുത്തു. സംഗതി ക്ലിക്കായി. ഇപ്പോള്‍ ഇവരുടെ ഓര്‍ക്കൂട്ട് കമ്യൂണിറ്റിയില്‍ 1000ത്തിലേ റെപ്പേരുടെ കമ്യൂണിറ്റിയില്‍ ചേരാനുള്ള അപേക്ഷകളാണ് പെന്‍ഡിംഗിലുള്ളത്.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബ്രോസിസ് എന്ന സോഫ്‌റ്റ്‌വെയര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്ഥാപനത്തിന് ഇന്ന് 40 രാജ്യങ്ങളിലാണ് ഉപഭോക്താക്കളുള്ളത്. ലിങ്ക്‌ഡ് ഇന്‍, കമ്പനി സാരഥിയുടെ പേരിലുള്ള ഓര്‍ക്കൂട്ട് എക്കൗണ്ട്, ഫേസ്‌ബുക്ക് എന്നിവ വഴിയാണ് ബിസിനസ് ലഭിക്കുന്നത്. സൈബ്രോസിസിന്റെ ബിസിനസിന്റെ 80 ശതമാനവും സോഷ്യല്‍ മീഡിയയില്‍ കൂടി മാത്രമാണെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ സൈനുലാബുദ്ദീന്‍ പറയുന്നു.
നടന്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള ഡി'ലിപ്‌സ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ഫോര്‍ട്ട്‌കൊച്ചിയിലെ മാംഗോ ട്രീ റെസ്റ്റോറന്റിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. സീതാറാം യെച്ചൂരി! പനീര്‍ ടിക്ക കഴിക്കാന്‍. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ റെസ്റ്റോറന്റിനെക്കുറിച്ച് അറിഞ്ഞാണ് യെച്ചൂരിക്കായി റെസ്റ്റോറന്റ് റെക്കമന്റ് ചെയ്‌തത്. ഇന്ന് പല വിദേശീയരും മാംഗോ ട്രീ റെസ്റ്റോറന്റിലെത്തുന്നത് ഇതേ മാതൃക പിന്തുടര്‍ന്നാണ്. പക്ഷെ രസകരം ഇതല്ല. മാംഗോ ട്രീ അധികൃതര്‍ ഇതിനായി ഒന്നും ചെയ്‌തിട്ടില്ല. ഒരിക്കല്‍ വന്നവര്‍ ബ്ലോഗുകളിലും സോഷ്യല്‍ മീഡിയയിലും മറ്റും കൊടുത്ത പ്രചാരമാണ് മറ്റുളളവരെയും ഇവിടേക്ക് എത്തിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ ഈ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇതിലേക്ക് കാര്യമായി രംഗത്തിറങ്ങാന്‍ തന്നെയാണ് കമ്പനിയുടെ തീരുമാനം.
ജൂവല്‍റി, റിയല്‍ എസ്റ്റേറ്റ് രംഗത്ത് സാന്നിദ്ധ്യമുള്ള കെ.പി വര്‍ക്കി ഗ്രൂപ്പ് ഒരു മാസം മുമ്പാണ് ഹൗസ്‌ബോട്ട് പായ്‌ക്കേജുകള്‍ തുടങ്ങുന്നത്. ഓര്‍ക്കൂട്ടിലെ തന്റെ പ്രൊഫൈലിലൂടെ ഇക്കാര്യം സുഹൃത്തുക്കളെ അറിയിക്കുക മാത്രമേ ഡയറക്‌റ്റര്‍ വര്‍ഗീസ് പീറ്റര്‍ ചെയ്‌തുള്ളു. പക്ഷെ ഒരു മാസം കൊണ്ട് കിട്ടിയത് എട്ടോളം ബിസിനസാണ്. ഈ പ്രതികരണം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് വര്‍ഗീസ്.
ഇവരെല്ലാം സോഷ്യല്‍ മീഡിയയുടെ അനന്ത സാധ്യതകള്‍ മനസിലാക്കിയവരാണ്. ഇത്തരം എത്രയെത്ര ഉദാഹരണങ്ങള്‍. ചിലരുടെ ബിസിനസ് ഇതിലൂടെ ഇരട്ടിയായെങ്കില്‍ മറ്റു ചിലര്‍ വിദേശരാജ്യങ്ങളിലേക്ക് കൂടി വിപണി വിശാലമാക്കി. വിദേശ രാജ്യങ്ങളിലെ കമ്പനികളുമായി ചിലര്‍ കരാറിലേര്‍പ്പെട്ടു. കേരളത്തിന്റെ ഏതോ മൂലക്കിരിക്കുന്ന കമ്പനിയ്‌ക്ക് സായിപ്പ് കോടികളുടെ ബിസിനസ് നല്‍കി. എന്താണ് ഇവരെ സോഷ്യല്‍ മീഡിയയിലേക്ക് ആകര്‍ഷിച്ചത്? സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രചരണ പരിപാടികള്‍ക്ക് പണം മുടക്കില്ലെന്നതുതന്നെയാണ് ഇതില്‍ പ്രധാനം.
സാധ്യതകള്‍ അപാരം
നാം ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കളിലേക്ക് സോഷ്യല്‍ മിഡിയയിലൂടെ നേരിട്ടെത്താം. ഉദാഹരണത്തിന് പ്രാദേശികമായി പേരെടുത്ത ഒരു ചെരുപ്പ് നിര്‍മാണ കമ്പനിയാണ് നിങ്ങളുടേതെന്ന് കരുതുക. `ചെരുപ്പ് വാങ്ങുന്നതിന് മുമ്പ് ആരും സോഷ്യല്‍ മീഡിയയില്‍ കയറി നോക്കില്ല' എന്ന വാദഗതിയായിരിക്കും നിങ്ങള്‍ക്ക് പറയാനുള്ളത്. എന്നാല്‍ റബ്ബര്‍ അടിസ്ഥാനമായി ബിസിനസ് ചെയ്യുന്ന ലക്ഷക്കണക്കിന് കമ്പനി മേധാവികളെ നിങ്ങള്‍ക്ക് ഇതിലെ വിവിധ കമ്യൂണിറ്റികളില്‍ കാണാന്‍ കഴിഞ്ഞേക്കും. അവരുമായി ബന്ധം സ്ഥാപിച്ച് വിദേശ കമ്പനിക്കായി ചെരുപ്പോ റബ്ബര്‍ അധിഷ്‌ഠിത ഉല്‍പ്പന്നങ്ങളോ നിര്‍മ്മിച്ച് കൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കും. പക്ഷേ പരമ്പരാഗത രീതിയില്‍ വിദേശരാജ്യത്തുള്ള ഒരു കമ്പനി സി.ഇ.ഒയുമായി ആശയവിനിമയം നടത്തുക എത്ര ദിവസങ്ങളെടുക്കുന്ന, ശ്രമകരമായ കാര്യമാണ്.
കേരളത്തിലെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റാണ് സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗിക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനം. ഓര്‍ക്കൂട്ടിലെ ഇവരുടെ കമ്യൂണിറ്റികളിലൊന്നില്‍ ആയിരത്തിലേറെ അംഗങ്ങളാണുള്ളത്. ട്വിറ്റര്‍, ഫേസ്‌ബുക്ക്, യു ട്യൂബ് എന്നിവയിലൊക്കെ ഇവരുണ്ട്. ട്വിറ്ററില്‍ മികച്ച ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് സമ്മാനം കൊടുക്കുന്ന മല്‍സരവും ഇവരുടെ പ്രൊഫൈലിനെ ജനകീയമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ ഈ രംഗത്ത് സജീവമായുണ്ടെന്ന് കേരള ടൂറിസം ഡയറക്‌റ്റര്‍ എം.ശിവശങ്കര്‍ പറഞ്ഞു.
``നിങ്ങളുടെ ഉല്‍പ്പന്നം എല്ലാ ജനങ്ങള്‍ക്കും ഉപയോഗമുള്ളതോ അല്ലെങ്കില്‍ ചെറിയൊരു വിഭാഗത്തിന് മാത്രം പ്രയോജനപ്പെടുത്താനാകുന്നതോ ആകട്ടെ എല്ലാറ്റിലും മികച്ച വിപണി നേടാന്‍ സോഷ്യല്‍ മീഡിയ സഹായിക്കും. കമ്പനിയുടെ വിപുലീകരണത്തിനും വ്യത്യസ്‌തവല്‍ക്കരണത്തിനുമൊക്കെ വഴിതെളിക്കാന്‍ ഇവയ്‌ക്കാകും. ഞങ്ങളുടെ സോഫ്‌റ്റ്‌വെയര്‍ ഡിവിഷന്റെ 20 മുതല്‍ 30 ശതമാനം വരെ ബിസിനസ് സോഷ്യല്‍ മീഡിയ വഴിയാണ്,'' ടീം ഫ്രണ്ട്‌ലൈന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്‌ടര്‍ എസ്.ആര്‍ നായര്‍ പറയുന്നു.
കേരളത്തിലെ സ്ഥാപനങ്ങള്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലൂടെയുള്ള മാര്‍ക്കറ്റിംഗിന് ജനപ്രീതി കൂടിവരുന്നുണ്ട്. എന്നാല്‍ വലിയൊരു ശതമാനവും ഇതിന്റെ സാധ്യതകള്‍ ഇനിയും മനസിലാക്കിയിട്ടില്ലെന്ന് എറണാകുളത്തെ മീഡിയ വര്‍ക്‌സിന്റെ ഡയറക്‌റ്റര്‍ ക്രിസ്റ്റന്‍ ജോസഫ് അഭിപ്രായപ്പെടുന്നു.
ഭാവിയില്‍ മാര്‍ക്കറ്റിംഗിന് സോഷ്യല്‍ മീഡിയ ഒഴിച്ചുകൂടാനാകാത്ത ഘടകമായിരിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നൂ, കൊച്ചിയിലെ ഇംപ്രസാരിയോ ഇവന്റ് മാനേജ്‌മെന്റ് ഇന്ത്യ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടിവ് ഡയറക്‌റ്റര്‍ റാം മേനോന്‍. ``ഇപ്പോള്‍ത്തന്നെ ഞങ്ങളുടെ പല ഉപഭോക്താക്കളും സോഷ്യല്‍ മീഡിയയില്‍ എങ്ങനെ സജീവമാകാം എന്ന് ചോദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബ്രാന്‍ഡിംഗില്‍ സോഷ്യല്‍ മീഡിയയെയും ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്,'' റാം മേനോന്‍ കൂട്ടിച്ചേര്‍ക്കുന്നു.
എങ്ങനെ ബിസിനസ് നേടാം?
ഓര്‍ക്കൂട്ട്, ഫേസ്‌ബുക്ക്, ട്വിറ്റര്‍, ലിങ്ക്‌ഡ് ഇന്‍ എന്നിവയാണ് പ്രചാരം സിദ്ധിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് മാധ്യമങ്ങള്‍. ഇവയിലെല്ലാം പ്രത്യേക താല്‍പ്പര്യക്കാരുടെ കൂട്ടായ്‌മകള്‍ കാണാം. അവയെ കമ്യുണിറ്റികള്‍ എന്ന് വിളിക്കുന്നു. ഐസ്‌ക്രീം ലവേഴ്‌സിന്റെ കമ്യൂണിറ്റി മുതല്‍ വിവിധ സ്ഥാപനങ്ങളുടെ കമ്യൂണിറ്റിവരെ വൈവിധ്യമാര്‍ന്നവ ഇതില്‍ കാണാം. നിങ്ങളുടെ സ്ഥാപനത്തിന്റെ പേരിലും ഇത്തരത്തില്‍ കമ്യൂണിറ്റികള്‍ ഉണ്ടാക്കാം. കമ്യുണിറ്റികളില്‍ കൂടുതല്‍ അംഗങ്ങള്‍ ചേരുന്നതനുസരിച്ച് അവയുടെ പ്രാധാന്യവും വര്‍ദ്ധിച്ച് കൊണ്ടിരിക്കും.
പ്രത്യക്ഷത്തില്‍ ബിസിനസ് വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയല്ല ഇവയൊന്നും സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ വമ്പിച്ച ജനസമ്മിതിയും പുതിയ അംഗങ്ങളെയുമാണ് ദിനം പ്രതിയെന്നോണം ഇവയ്‌ക്ക് ലഭിക്കുന്നത്. ഭാവിയില്‍ ഇവയുടെ വളര്‍ച്ചയും ഭീമമായിരിക്കും. അതിനാല്‍ തന്നെ വലിയ അവസരങ്ങളാണ് ഇവ സംരംഭകര്‍ക്ക് മുന്നില്‍ തുറക്കുന്നത്. എന്നാല്‍ ഓരോ നെറ്റ്‌വര്‍ക്കിംഗ് മാധ്യമങ്ങളും അവയുടെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഒന്ന് ബന്ധങ്ങളുണ്ടാക്കാനാണെങ്കില്‍ മറ്റൊന്ന് മനസിലുള്ളവ മറ്റുള്ളവരുമായി പങ്കുവെക്കാനാണ്. അതുകൊണ്ട് തന്നെ ഓരോ സോഷ്യല്‍ മീഡിയയിലും നാം സ്വീകരിക്കുന്ന സമീപനങ്ങള്‍ വേറിട്ടതായിരിക്കണം.
പുതിയ ബന്ധങ്ങള്‍ തേടാനും ഉള്ളവ കൂടുതല്‍ ദൃഢമാക്കാനുമാണ് ഓര്‍ക്കൂട്ട്, ഫേസ്‌ബുക്ക് എന്നീ മാധ്യമങ്ങള്‍ സാധാരണയായി ഉപയോഗിക്കുന്നത്. വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക് പ്രിയം ഫേസ്‌ബുക്കാണെങ്കില്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് പ്രധാനം ഓര്‍ക്കൂട്ട് തന്നെ. ഓര്‍ക്കൂട്ടിന്റെ വിശ്വാസ്യതയില്‍ കുറച്ചുകാലങ്ങളായി അല്‍പ്പം ഇടിവുണ്ടെങ്കിലും ജനസമ്മിതി ഇതിന്റെ കരുത്താണ്.
നിങ്ങളുടെ കമ്പനിയുടെ പേരിലോ ഉല്‍പ്പന്നത്തിന്റെ പേരിലോ ഓര്‍ക്കൂട്ടില്‍ കമ്യൂണിറ്റികള്‍ തുടങ്ങാം. ആദ്യമാദ്യം ഓര്‍ക്കൂട്ടില്‍ എക്കൗണ്ടുള്ള കമ്പനിയുടെ ജീവനക്കാര്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും തന്നെ ഈ കമ്യൂണിറ്റിയില്‍ അംഗങ്ങളാകാം. പിന്നീട് നിങ്ങളുടെ പ്രമുഖ ഉപഭോക്താക്കള്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കുമൊക്കെ കമ്യൂണിറ്റിയില്‍ അംഗങ്ങളാകാനുള്ള ഇന്‍വിറ്റേഷന്‍ അവരുടെ പ്രൊഫൈലിലേക്ക് അയച്ചുകൊടുക്കാം. കമ്യൂണിറ്റി സൃഷ്‌ടിച്ച് വെറുതെയിരുന്നാല്‍ പോര. ഇതിലൂടെ നിങ്ങളുടെ ഉല്‍പ്പന്നത്തെയോ സേവനത്തെയോ കുറിച്ചുള്ള ഫോറങ്ങള്‍ സൃഷ്‌ടിക്കാം. മാര്‍ക്കറ്റിനെക്കുറിച്ചറിയാനും ഉപഭോക്താക്കളുടെ ഇഷ്‌ടങ്ങളറിയാനും സര്‍വേകള്‍ നടത്താം. ഇടക്കിടക്ക് കമ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് പ്രചോദനമേകി കൂടെ നിറുത്തണം.
സൗജന്യമായി പ്രൊമോഷനുകള്‍ സൃഷ്‌ടിക്കാനുള്ള അവസരവും ഓര്‍ക്കൂട്ട് ഒരുക്കുന്നുണ്ട്. നമ്മുടെ സുഹൃത്തുക്കള്‍ക്ക് ഇവ `പ്രൊമോട്ട്' ചെയ്യാനുള്ള അവസരവുമുണ്ട്. ഏതെങ്കിലും സുഹൃത്ത് അത് പ്രൊമോട്ട് ചെയ്‌താല്‍ അയാളുടെ എല്ലാ സുഹൃത്തുക്കളുടെയും പ്രൊഫൈലില്‍ ആ പരസ്യം വരും.
ഫേസ്‌ബുക്കില്‍ കമ്പനിയുടെ പേരില്‍ എക്കൗണ്ട് നേടുകയാണ് ആദ്യപടി. പരമാവധി അംഗങ്ങളെ ചേര്‍ക്കാന്‍ ശ്രമിക്കുക. കമ്പനിയുമായോ ബിസിനസുമായോ നിങ്ങള്‍ വ്യാപരിക്കുന്ന മേഖലയുമായോ മനസില്‍ തോന്നുന്ന കാര്യങ്ങള്‍ അംഗങ്ങളുമായി പങ്കുവെക്കാം. നിങ്ങളുടെ പ്രൊഫൈലിലെ സുഹൃത്തുക്കള്‍ക്ക് നിങ്ങള്‍ പറഞ്ഞതിനോട് യോജിക്കാനോ യോജിക്കാതിരിക്കാനോ അതിനെക്കുറിച്ച് അഭിപ്രായം പറയാനോ ഒക്കെ സാധിക്കും. അങ്ങനെ അഭിപ്രായം പറഞ്ഞാല്‍ നിങ്ങളുടെ സുഹൃത്തിന്റെ മറ്റ് സുഹൃത്തുക്കളുടെയും പ്രൊഫൈലില്‍ ഈ പ്രതികരണങ്ങളെല്ലാം കാണാന്‍ സാധിക്കും. അതുവഴി നിങ്ങളുടെ വാക്കുകള്‍ കൂടുതല്‍ പേരറിയുന്നു. ഫേസ്‌ബുക്കിലെ പ്രധാന പേജില്‍(wall) എഴുതുന്ന കാര്യങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ വരുമെന്നതാണ് മറ്റൊരു പ്രത്യേകത. അതുപോലെ കമ്പനിയുമായി ബന്ധപ്പെട്ട ചിത്രങ്ങളോ മറ്റോ ഇവയില്‍ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.