ഈ സൃഷ്ടിയുടെ അവകാശി ഞാനല്ല . ദിലീപ് ഫിലിപ്പ് എന്ന വ്യക്തി ആണ് .പുതുപണം എന്നബ്ലോഗില്‍ ഞാന്‍ ഇതിനോട് താത്പര്യം തോന്നി എന്റെ ബ്ലോഗില്‍ കോപ്പി ചെയ്യുന്നു .
മൂന്നാം അവര്‍ അവസാനിക്കാന്‍ പത്തു മിനിറ്റ് ബാക്കി. മുക്കം എംഎഎംഒ കോളജില്‍ എംകോം മൂന്നാം സെമസ്റ്റര്‍ ക്ളാസിന്റെ മുന്‍ ബെഞ്ചിലിരുന്ന മുനീര്‍ ഉച്ചയൂണിന്റെ ബെല്ലടിക്കുന്നതു കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണ്. വയറിന്റെ വിളിയല്ല പ്രശ്നം. മൊബൈല്‍ ഫോണില്‍ വിളിക്കാന്‍ നമ്പര്‍ തയാറാക്കി നിര്‍ത്തി. ഇടയ്ക്ക് പിന്‍ ബെഞ്ചിലിരിക്കുന്ന റിജുവിനെ പാളി നോക്കുന്നുണ്ട്. റിജുവിന്റെ മുഖത്തും ഇതേ ആകാംക്ഷ.
രാവിലെ വാങ്ങിയ റിലയന്‍സ് പെട്രോളിയം ഒാഹരി പറഞ്ഞ വിലയില്‍ വില്‍പന നടന്നോ എന്ന ആകാംക്ഷയിലാണ് ഈ കോളജ് വിദ്യാര്‍ഥികള്‍. കച്ചവടം വിജയിച്ചോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ക്ളാസിലെ മറ്റു വിദ്യാര്‍ഥികളും. എന്നിട്ടു വേണം ഇവരെക്കൊണ്ടു ചെലവു ചെയ്യിക്കാന്‍!!!
207 രൂപയില്‍ രാവിലെ റിലയന്‍സ് പെട്രോളിയം ഓഹരി വാങ്ങിയതാണ്. ആദ്യ അവര്‍ കഴിഞ്ഞ് കിട്ടിയ ഇടവേളയില്‍ കോഴിക്കോട്ടെ ഓഹരി ഡീലറെ വിളിച്ചു ചോദിച്ചപ്പോള്‍ വില 210. രണ്ടാം അവര്‍ കഴിഞ്ഞപ്പോഴിത് 209 ലേക്ക് താണു. അതോടെ ഇരിപ്പുറയ്ക്കാതായി. 212നാണ് വില്‍ക്കാന്‍ ഓര്‍ഡര്‍ ഇട്ടിരിക്കുന്നത്.
ഓഹരി വിപണിയുടെ കുതിപ്പ് നെഞ്ചേറ്റിയിരിക്കുകയാണ് ഇരുപത്തൊന്നുകാരന്‍ എം.മുനീറും ഇരുപത്തിരണ്ടുകാരന്‍ റിജുവും. ഇവരുടെ ആവേശം എംഎഎംഒ കോളജിലെ എംകോം മൂന്നാം സെമസ്റ്റര്‍ ക്ളാസിലാകെ പടര്‍ന്നിരിക്കുന്നു. അവരും വിപണിയില്‍ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുകയാണ്. അധ്യാപകരും വിദ്യാര്‍ഥികളുടെ ഈ പുതിയ ക്രേസില്‍ ആകൃഷ്ടരായിക്കഴിഞ്ഞു. ഓഹരി വിപണിയിലേക്ക് അവര്‍ക്കും സഹായികളാകുകയാണ് ഈ കുട്ടി നിക്ഷേപകര്‍.
അഞ്ചു മാസം മുമ്പാണ് മുനീറും റിജുവും വിപണിയിലേക്ക് ചുവടുവച്ചത്. അദ്യം നിക്ഷേപം നടത്തിയത് റിജു. അച്ഛന്‍ റിട്ട. അധ്യാപകന്‍ വിജയനും ഗള്‍ഫിലുള്ള സഹോദരന്‍ സിജുവിനും നേരത്തേ മുതല്‍ ഓഹരി ബ്രോക്കിങ് സ്ഥാപനത്തില്‍ വ്യാപാരത്തിന് അക്കൌണ്ടുണ്ടായിരുന്നെങ്കിലും സജീവമായത് അഞ്ചാറു മാസം മുമ്പു മാത്രം.
ബികോം കഴിഞ്ഞ് രണ്ടു വര്‍ഷം കൊടിയത്തൂര്‍ സഹകരണ ബാങ്കില്‍ ദിവസവേതനത്തില്‍ ജോലി ചെയ്തു സമ്പാദിച്ച പണവും പിന്നെ വീട്ടില്‍നിന്നുള്ള സംഭാവനയുമൊക്കെ ചേര്‍ത്ത് ഏതാണ്ട് 50,000 രൂപയോളമായിരുന്നു റിജുവിന്റെ തുടക്ക നിക്ഷേപം. ഇതിനകം മുപ്പതിനായിരത്തിനും നാല്‍പതിനായിരത്തിനുമിടയ്ക്ക് ലാഭം ലഭിച്ചു.
ഏതാനും വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചതോടെ അമ്മയും രണ്ടു സഹോദരിമരുമടങ്ങിയ കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയ മുനീര്‍ സാഹസികമായിത്തന്നെയാണ് നിക്ഷേപത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. റിജുവുമായുള്ള സൌഹൃദം, പഠനത്തിനൊപ്പം തുടരാവുന്ന ബിസിനസോ ജോലിയോ നോക്കിയിരുന്ന മുനീറിന് ഓഹരി വിപണിലേയ്ക്കുള്ള വഴിതുറന്നു. പാര്‍ട് ടൈമായി മെഡിക്കല്‍ കോളജിനടുത്ത് കോവൂരില്‍ ഫ്ലാറ്റ് നോക്കി നടത്തുന്ന മുനീര്‍ അതില്‍നിന്നു ലഭിച്ച ശമ്പളും മുമ്പുള്ള സമ്പാദ്യങ്ങളുമൊക്കെ ചേര്‍ത്ത് 25,000 രൂപയോളമാണ് തുടക്കത്തില്‍ നിക്ഷേപിച്ചത്. ഇത് നാലുമാസംകൊണ്ട് 35,000 രൂപയിലധികമായി വളര്‍ന്നെന്ന് പറയുമ്പോള്‍ മുനീറിന്റെ മുഖത്ത് അഭിമാനം.
ഓഹരി വിപണിയിലെ നിക്ഷേപ വിജയം ആവേശം പകര്‍ന്നിരിക്കുകയാണ് ഇരുവര്‍ക്കും. വിപണിയെക്കുറിച്ചും കമ്പനികളെക്കുറിച്ചും കൂടുതല്‍ പഠിക്കാനും നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനും ഇവര്‍ കാതുകൂര്‍പ്പിക്കുന്നു. കാളകളും കരടികളും ഡൌജോണ്‍സ് സൂചികയും അമേരിക്കന്‍ ഫെഡറല്‍ റസര്‍വ് യോഗവുമൊക്കെയാണ് ഇപ്പോള്‍ ഇരുവരുടെയും സ്വപ്നങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. കോളജ് ലൈബ്രറിയില്‍ എത്തിയാല്‍ സാമ്പത്തിക ദിനപത്രങ്ങളിലേക്കും ജേണലുകളിലേക്കുമാണ് ആദ്യം കണ്ണെത്തുന്നത്. ഇഎസ്പിഎന്‍, എംടിവി ചാനലുകള്‍ക്കു മുമ്പ് ടിവിയില്‍ സെറ്റ് ചെയ്തിരിക്കുന്നത് സിഎന്‍ബിസി ടിവി 18നും എന്‍ഡിടിവി പ്രോഫിറ്റും.
ക്ളാസ്മുറിയില്‍ ആക്ഷരങ്ങളുടെ ആലസ്യം നീക്കുന്ന ആവേശമാണിപ്പോള്‍ ഓഹരി വിപണി. തങ്ങളുടെ പഠനത്തിന്റെ പ്രയോഗിക തലമാണിതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. '''ഈ സൈഡ് ബിസിനസ് പഠനത്തിന് വിഘാതമല്ല പകരം സഹായകമാണ് ഇരുവരും പറയുന്നു. അധ്യാപകന്‍ കെ. പ്രവിദും ഇതു ശരിവച്ചു. ഓഹരി വിപണിയുടെ പ്രായോഗിക വശങ്ങളറിഞ്ഞ മുനീറും റിജുവും മറ്റു കുട്ടികള്‍ക്കും പ്രചോദനമാണ് അദ്ദേഹം പറഞ്ഞു.
കോമേഴ്സ് പഠനത്തിന്റെ സിലബസില്‍ ഉള്‍പ്പെട്ട ഓഹരി വിപണി, പോര്‍ട്ഫോളിയോ മാനേജ്മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് പൊതു ധാരണയും ആഴത്തിലുള്ള അറിവും ഓഹരി വിപണിയുമായി ബന്ധപ്പെട്ടതോടെ ലഭിച്ചെന്ന് മുനീര്‍ പറഞ്ഞു. കാഴ്ചപ്പാട് വിശാലമായി. വിപണിയെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങള്‍ സൂഷ്മമായി പഠിച്ചു തുടങ്ങിയത് പഠനത്തിനും സഹായകമായെന്ന് ഇവരുടെ സാക്ഷ്യം.
മിക്കവാറും ഫോണില്‍ വിളിച്ചാണ് വാങ്ങലും വില്‍ക്കലും നടത്തുക. ആകാംക്ഷമൂലം ഓരോ അവറും കഴിഞ്ഞ് വിലവിവരം വിളിച്ചറിയാറുമുണ്ട്. ക്ളാസില്ലാത്ത ദിവസം സൊള്ളി നടക്കുന്ന പതിവ് ഇപ്പോളില്ല. ട്രേഡിങ്ങ് ഉള്ള ദിവസമാണെങ്കില്‍ കോഴിക്കോട്ട് ടെര്‍മിനലിനു മുന്നിലുണ്ടാകും ഇരുവരും.
പാഠം പഠിച്ച്, തെറ്റു തിരുത്തികാളക്കൂറ്റന്മാരും കരടികളും മല്ലടിക്കുന്ന വിപണിയുടെ പാഠങ്ങള്‍ പഠിച്ച് ചുവടുതെറ്റാതെ മുന്നേറുകയാണ് ഇളമുറക്കാര്‍. ത്രില്ലടിപ്പിക്കുന്ന ലാഭക്കഥകള്‍ മാത്രമല്ല ഇവര്‍ക്കുള്ളത്.
ബോംബെ ഓഹരി സൂചിക ദിവസങ്ങള്‍ക്കുള്ളില്‍ ആയിരവും രണ്ടായിരവും പോയിന്റ് തകര്‍ന്നപ്പോള്‍ ഇവരുടെയും കയ്യിലുണ്ടായിരുന്ന ഓഹരികള്‍ നഷ്ടത്തിലായെങ്കിലും പേടിച്ച് വിറ്റഴിച്ചില്ല. പിന്നീട് വില തിരച്ചു കയറിയതോടെ ലാഭമെടുക്കാനായി. ഓഹരി വാങ്ങി അന്നുതന്നെ വില്‍ക്കുന്ന ഡേ ട്രേഡിങും പയറ്റാറുണ്ടെങ്കിലും മുനീറിനും റിജോയ്ക്കും വിശ്വാസം ഓഹരി വാങ്ങി കയ്യില്‍ വച്ച് വില കൂടുമ്പോള്‍ വില്ക്കുന്ന നിക്ഷേപ രീതിതന്നെ. ഡേ ട്രേഡിങ്ങിന് ആവേശം കൂടുമെങ്കിലും നഷ്ട സാധ്യത കൂടുതല്‍.
വെബ്സൈറ്റുകളിലും സാമ്പത്തിക പ്രസിദ്ധീകരണങ്ങളില്‍നിന്നുമായി ഓഹരികളെക്കുറിച്ച് വിശദമായി പഠിച്ച ശേഷം മാത്രമാണ് നിക്ഷേപം. ഇതിന് സ്വന്തമായി വിലകള്‍ എഴുതിവച്ചും ഗ്രാഫുകള്‍ പഠിച്ചും എന്തിന് ടെക്നിക്കല്‍ അനാലിസിസ് എന്ന സങ്കീര്‍ണ സങ്കേതം വരെ ഇവര്‍ ഉപയോഗിച്ചും സാധ്യത കണ്ടെത്തുന്നു. അച്ഛന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാറുണ്ടെങ്കിലും റിജോയുടെ നിക്ഷേപ തീരുമാനങ്ങള്‍ സ്വന്തമായാണ്. എംകോം കഴിഞ്ഞ് ഗള്‍ഫില്‍ പോകണം. പണമുണ്ടാക്കി ഓഹരി വിപണിയില്‍ കൂടുതല്‍ നിക്ഷേപിക്കണം മുനീര്‍ ആഗ്രഹം വെളിപ്പെടുത്തി.
റിജുവിന്റെയും മുനീറിന്റെയും ആവേശം നെഞ്ചേറ്റുകയാണ് ക്ളാസ് മുഴുവന്‍. അവരും വിപണിയിയുടെ മാസ്മരികത അറിഞ്ഞുതുടങ്ങി. പെണ്‍കുട്ടികള്‍ക്കുവരെ ഓഹരി വിപണിയിലെ വിശേഷങ്ങളറിയാന്‍ കൌതുകം. ക്ളാസിലെ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ ഓഹരി വ്യാപാരത്തിനായി അക്കൌണ്ട് എടുക്കുകയാണ്. ഇതിന് പലരും പെര്‍മനന്റ് അക്കൌണ്ട് നമ്പരിന്(പാന്‍) അപേക്ഷിച്ച് കാത്തിരിക്കുകയാണ്. ഓഹരി ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കോളജില്‍ ഓഹരി വിപണിയിയെക്കുറിച്ച് കോളജില്‍ സെമിനാര്‍ സംഘടിപ്പിക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ്.
ദേവഗിരി, പ്രോവിഡന്‍സ് കോളജ് എന്നീ കോളജുകളില്‍ ജിയോജിത് ഇതിനകം ഇത്തരം ക്ളാസുകള്‍ നടത്തിയിട്ടുണ്ട്. കോഴ്സിന്റെ ഭാഗമായി ഓഹരി വിപണിയെക്കുറിച്ചും നിക്ഷേപ പ്രവണതകളെക്കുറിച്ചും പ്രോജ്ക്ട്് ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് ആലോചനയുണ്ട്.
Market Watch
Saturday, February 27, 2010
ഷെയര്‍ റാങ്ക് ഹോള്‍ഡേഴ്സ്
7:25 PM
Sebin Santhosh