Market Watch

Saturday, February 27, 2010

നിക്ഷേപം കൂട്ടി നികുതിഭാരം കുറയ്ക്കാം

ഈ സൃഷ്ടിയുടെ അവകാശി ഞാനല്ല . ദിലീപ് ഫിലിപ്പ് എന്ന വ്യക്തി ആണ് .പുതുപണം എന്ന ബ്ലോഗില്‍ ഞാന്‍ ഇതിനോട് താത്പര്യം തോന്നി എന്റെ ബ്ലോഗില്‍ കോപ്പി ചെയ്യുന്നു.

കേന്ദ്ര ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ച കേന്ദ്ര ബജറ്റ് നല്‍കിയ ആഹ്ളാദത്തിലാകും ആദായ നികുതി ദായകര്‍ ഇപ്പോഴും. ആഹ്ളാദിക്കാനുണ്ടുതാനും. നികുതി ഒഴിവു പരിധി ഉയര്‍ത്തിയതുവഴിയും നികുതി സ്ളാബുകള്‍ പരിഷ്കരിച്ചതു വഴിയും സാധാരണ നികുതി ദായകര്‍ക്ക് ഏറെ ആശ്വാസം കേന്ദ്രബജറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ളതാണ്. 2007 08 സാമ്പത്തിക വര്‍ഷം പഴയ നിരക്കിലുള്ള നികുതിയാണ് നല്‍കേണ്ടത്. ഉയര്‍ന്ന നിരക്കിലുള്ള ഈ നികുതി നിരക്കുകളില്‍ കിഴിവു നേടാന്‍ നികുതി കിഴിവു ലഭിക്കുന്ന നിക്ഷേപങ്ങള്‍ നടത്തുകവഴി സാധിക്കും.

പബ്ളിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), ദേശീയ സമ്പാദ്യ പദ്ധതി(എന്‍എസ്സി), ലൈഫ് ഇന്‍ഷുറന്‍സ്, യൂണിറ്റ് ലിങ്ക്ട് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ട്, ഇക്വിറ്റി ലിങ്ക്ട് സേവിങ്സ് സ്കീം (ഇഎല്‍എസ്എസ് മ്യൂച്വല്‍ഫണ്ട്), പോസ്റ്റ് ഓഫിസ് സേവിങ്സ്, മെഡിക്ളെയിം പോളിസി (ആരോഗ്യ ഇന്‍ഷുറന്‍സ്), നികുതി കിഴിവു ലഭിക്കുന്ന അഞ്ചു വര്‍ഷ ബാങ്ക് നിക്ഷേപം, വൈദ്യുതിമേഖല ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യ വികസനത്തിനായുള്ള കമ്പനികളുടെ കടപ്പത്രം (ഡിബഞ്ചര്‍), ഹഡ്കോ ഭവന നിര്‍മാണ ബോണ്ട്, നബാര്‍ഡ് റൂറല്‍ ബോണ്ട് തുടങ്ങിയ നിക്ഷേപങ്ങള്‍ നികുതി കിഴിവു നേടിത്തരുന്നവയാണ്.

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം കിഴിവു ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്ക് ഒരുലക്ഷം രൂപ പരിധിയുണ്ട്. മെഡിക്ളെയിം പോളിസി നിക്ഷേപവും ഭവന വായ്പകളില്‍ നല്‍കുന്ന പലിശയും ഈ പരിധിക്കു പുറത്താണ്.

ഇത്തരത്തില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ഏതാനും ആഴ്ചകള്‍ കൂടിയേ മുന്നിലുള്ളൂ. മാര്‍ച്ച് 31 വരെ നടത്തുന്ന നിക്ഷേപങ്ങളേ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതി കിഴിവുകള്‍ക്കായി പരിഗണിക്കൂ. ഇത്തരം നിക്ഷേപങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ആദായ നികുതി റിട്ടേണില്‍ ചേര്‍ത്ത് വേണ്ട രേഖകളും ഒപ്പം സമര്‍പ്പിച്ചാല്‍ നികുതി കിഴിവ് ലഭിക്കും. സ്രോതസില്‍ നികുതി കിഴിച്ച ശമ്പളക്കാര്‍ക്ക് പുതുതായി നടത്തിയ നിക്ഷേപങ്ങള്‍ വഴി റീഫണ്ട് നേടാനാകും. വിവിധ നിക്ഷേപ പദ്ധതിയുടെ വിശദാംശങ്ങള്‍ ചുവടെ.

1. ദേശീയ സമ്പാദ്യ പദ്ധതി (എന്‍എസ്സി): പോസ്റ്റ് ഓഫിസ് വഴി നടത്തുന്ന നിക്ഷേപം. ആറു വര്‍ഷമാണ് കാലാവധി. എട്ടു ശതമാനം കൂട്ടുപലിശ ലഭിക്കും.

2. പബ്ളിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്): സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മറ്റു ബാങ്കുകള്‍, പോസ്റ്റ് ഓഫിസ് എന്നിവ വഴി ഇതില്‍ നിക്ഷേപിക്കാം. 15 വര്‍ഷ കാലാവധിയുള്ള ഇതിന് എട്ട് ശതമാനം കൂട്ടുപലിശ ലഭിക്കും. പിപിഎഫിന്റെ പലിശ നികുതി മുക്തമാണ്.

3. പെന്‍ഷന്‍ പദ്ധതി: വിവിധ ബാങ്കുകള്‍, യുടിഐ, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയ്ക്കും പെന്‍ഷന്‍ പദ്ധതികള്‍ ഉണ്ട.് പരമ്പരാഗത പെന്‍ഷന്‍ പദ്ധതികള്‍ക്കു പുറമേ ഏറെ ദൈര്‍ഘ്യമില്ലാത്ത നിക്ഷേപമെന്ന നിലയിലും പെന്‍ഷന്‍ പദ്ധതികള്‍ ഇപ്പോള്‍ രൂപമാറ്റം വന്നിട്ടുണ്ട്.

4. ലൈഫ് ഇന്‍ഷുറന്‍സ്: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വഴിയും മറ്റു സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴിയും പോളിസിയെടുക്കാം. പോളിസിയില്‍ നിന്നു തിരികെ കിട്ടുന്ന പണം നികുതി വിമുക്തമാണ്. ദീര്‍ഘകാല ബാധ്യതയാകാതെ ഒറ്റത്തവണത്തേക്കു പോലും നിക്ഷേപം നടത്താന്‍ ഇപ്പോള്‍ സൌകര്യമുണ്ട്.

5. യൂണിറ്റ് ലിങ്ക്ട് ഇന്‍ഷുറന്‍സ് സ്കീം (യുലിപ്): കൂടിയ വരുമാനം നേടാന്‍ ഓഹരി വിപണിയിലും മറ്റും നിക്ഷേപം നടത്തുന്ന ഇന്‍ഷുറന്‍സ് പദ്ധതി. വ്യക്തികളുടെ നിക്ഷേപ ലക്ഷ്യത്തിനും നഷ്ടം സഹിക്കാനുള്ള പ്രാപ്തിക്കുമനുസരിച്ച് ഓഹരി വിപണിയിലെ നിക്ഷേപ തോത് നിശ്ചയിക്കാവുന്ന തരത്തില്‍ വിവിധ പദ്ധതികള്‍ എല്‍ഐസിയും ഇതര സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും അവതരിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു പുറമേ കുറഞ്ഞ കാലയളവില്‍ മികച്ച വരുമാനം നേടിത്തരുന്ന സമ്പാദ്യ പദ്ധതിയായും യുലിപുകള്‍ മാറിയിട്ടുണ്ട്. യുലിപിന് നിക്ഷേപത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈടാക്കുന്ന കൂടിയ ഫീസ് നിരക്കുകള്‍ നിക്ഷേപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോള്‍ തുടക്കത്തിലെ ഫീസ് ഒഴിവാക്കി പദ്ധതി അവസാനം ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം ഈടാക്കുന്ന രീതിയും തുടങ്ങിയിട്ടുണ്ട്.

6. ഇക്വിറ്റി ലിങ്ക്ട് സേവിങ് സ്കീം: നികുതി കിഴിവു ലഭിക്കുന്ന മ്യൂച്ച്വല്‍ഫണ്ട് പദ്ധതികള്‍. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നതിനാല്‍ ഉയര്‍ന്ന വരുമാന സാധ്യത, ഒപ്പം കൂടുതല്‍ റിസ്കും. വരുമാനം നികുതി മുക്തം. മൂന്നു വര്‍ഷമാണ് കുറഞ്ഞ കാലാവധി. ഓഹരി വിപണിയില്‍ വന്‍ കയറ്റിറക്കങ്ങള്‍ക്കു സാധ്യത നിലനില്‍ക്കുന്നതിനാല്‍ തവണകളായി നിക്ഷേപം നടത്തുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ളാനാണ് (എസ്ഐപി) ഉത്തമം.

7. ബാങ്ക് സ്ഥിര നിക്ഷേപം: നികുതി കിഴിവു ലഭിക്കുന്ന അഞ്ചു വര്‍ഷ കാലാവധിയുള്ള ബാങ്ക് സ്ഥിര നിക്ഷേപ പദ്ധതി 2006 മുതലാണ് ആരംഭിച്ചത്. നിലവില്‍ എട്ടു ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൌരന്മാര്‍ക്ക് അര ശതമാനം പലിശ അധികം ലഭിക്കും.

8. പോസ്റ്റ് ഓഫിസ് നിക്ഷേപം: ചെറുകിട നിക്ഷേപങ്ങളെ പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി അനുസരിച്ചു കിഴിവു ലഭിക്കുന്ന നിക്ഷേപങ്ങളുടെ പട്ടികയില്‍ പുതുതായി രണ്ടു നിക്ഷേപങ്ങളെ കൂടി കഴിഞ്ഞമാസം ഉള്‍പ്പെടുത്തി. അഞ്ചു വര്‍ഷക്കാലത്തെ പോസ്റ്റ് ഓഫിസ് നിക്ഷേപവും (ഫൈവ് ഇയര്‍ പോസ്റ്റ് ഓഫിസ് ടൈം ഡിപ്പോസിറ്റ് അക്കൌണ്ട്) മുതിര്‍ന്ന പൌരന്മാരുടെ സമ്പാദ്യ പദ്ധതി (സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം) യും ആണ് ഇവ.

9. മെഡിക്ളെയിം പോളിസി: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ നടത്തുന്ന നിക്ഷേപം നികുതി കിഴിവു നേടിത്തരും. 15000 രൂപയാണ് പരിധി. മുതിര്‍ന്ന പൌരന്മാര്‍ക്ക് 20,000 രൂപ. നിക്ഷേപമായി കൂടി പ്രയോജനപ്പെടുന്ന രീതിയിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ അടുത്തകാലത്ത് രംഗപ്രവേശം ചെയ്തിട്ടുണ്ട്. സെക്ഷന്‍ 80സി പ്രകാരം കിഴിവു ലഭിക്കുന്ന നിക്ഷേപങ്ങള്‍ക്കുള്ള ഒരുലക്ഷം രൂപ പരിധിക്കു പുറത്താണ് മെഡിക്ളെയിം പരിഗണിക്കുന്നത്.

കിഴിവു നേടാന്‍ കുറുക്കുവഴി
നിക്ഷേപം നടത്തി നികുതി കിഴിവു നേടുന്നത് നേര്‍വഴി. ചില പഴുതുകളും ആനുകൂല്യങ്ങളും ചേരുംപടി ചേര്‍ത്താല്‍ പുതുതായി പണമിറക്കാതെതന്നെ നികുതി കിഴിവു നേടാനാകും. മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളില്‍ നേരിട്ടു നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് (മ്യൂച്വല്‍ ഫണ്ട് വിതരണക്കാരെ ഒഴിവാക്കി) എന്‍ട്രി ലോഡ് അല്ലെങ്കില്‍ പ്രവേശന ചാര്‍ജ് സെബി അടുത്തയിടെ ഒഴിവാക്കിയതോടെയാണ് ഇത്തരമൊരു സാഹചര്യം ഒരുങ്ങിയത്.

മിക്ക മ്യുച്വല്‍ ഫണ്ട് സ്കീമുകളും 22.5% എന്‍ട്രി ലോഡ് ഈടാക്കിയിരുന്നു. ഒരു വര്‍ഷത്തിനു ശേഷം പിന്‍വലിക്കുന്ന നിക്ഷേപങ്ങള്‍ക്ക് എക്സിറ്റ് ലോഡുമില്ല. നികുതി കിഴിവ് ലഭിക്കുന്ന ഇക്വിറ്റി ലിങ്ക്ട് സേവിങ് സ്കീമില്‍ (ഇഎല്‍എസ്എസ്) തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നവര്‍ക്കാണ് നേട്ടമുണ്ടാക്കാനാകുക. ഇഎല്‍എസ്എസില്‍ മൂന്നു വര്‍ഷമാണ് കുറഞ്ഞ നിക്ഷേപ കാലാവധി. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപം പിന്‍വലിക്കുകയോ തുടരുകയോ ചെയ്യാം.

നിക്ഷേപം തുടരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ക്കൂടി മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതോടെ അതു പിന്‍വലിച്ച് മാര്‍ച്ച് 31ന് മുമ്പ് വീണ്ടും നിക്ഷേപിക്കുകയാണ് തന്ത്രം. നേരിട്ടു നിക്ഷേപം നടത്തുന്നതോടെ എന്‍ട്രി ലോഡ് ഒഴിവാകും. ഒരു വര്‍ഷത്തിനു മേല്‍ കാലാവധിയായതിനാല്‍ നികുതി ബാധ്യതയുമില്ല. നടപ്പു വര്‍ഷത്തെ നികുതി കിഴിവിനായി നടത്തിയ നിക്ഷേപമെന്ന നിലയില്‍ പരിഗണിക്കുകയും ചെയ്യാം.

ഉദാഹരണത്തിന് കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരാള്‍ പ്രതിവര്‍ഷം 20,000 രൂപ വീതം ഇഎല്‍എസ്എസ് നിക്ഷേപം നടത്തിയെന്നു കരുതുക. നാലാം വര്‍ഷം അയാള്‍ ആദ്യ വര്‍ഷം നിക്ഷേപിച്ച 20,000 രൂപ കുറഞ്ഞ നിക്ഷേപ കാലാവധിയായ മൂന്നു വര്‍ഷം പിന്നിട്ടു. ഈ തുക മേല്‍പറഞ്ഞതു പ്രകാരം പിന്‍വലിച്ച ശേഷം വീണ്ടും നിക്ഷേപം നടത്തിയാല്‍ പണച്ചെലവില്ലാതെ നികുതി കിഴിവിന് അര്‍ഹത നേടാം. ഈ തുകയും ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമുള്ള കിഴിവിന് അര്‍ഹമായ ഒരു ലക്ഷം രൂപ പരിധിയില്‍ നില്‍ക്കണമെന്നു മാത്രം. അതതു വര്‍ഷത്തെ വരുമാനത്തില്‍നിന്നു തന്നെയാകണം നിക്ഷേപം നടത്തേണ്ടത് എന്ന് മുമ്പ് നിബന്ധനയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതില്ലാത്തിനാല്‍ ഇതില്‍ നിയമ വിരുദ്ധമായി ഒന്നുമില്ല.

നിക്ഷേപം പിന്‍വലിച്ചശേഷം അടുത്ത നിക്ഷേപം നടത്തുന്നതിനിടെയുള്ള കലയളവില്‍ (ഒരാഴ്ചയോളം) ഫണ്ടിന്റെ അറ്റ ആസ്തി മൂല്യ (എന്‍എവി) ത്തിലുണ്ടാകുന്ന വ്യതിയാനം മൂലം നിക്ഷേപകന് ചെറിയ ലാഭ/നഷ്ട സാധ്യത നിലനില്‍ക്കും. ഫണ്ടിന്റെ പ്രകടനം വിലയിരുത്തി മറ്റേതെങ്കിലും ഫണ്ടിലേക്ക് തുക മാറ്റാനും ഈ അവസരം വിനിയോഗിക്കാം. കാലതാമസം ഒഴിവാക്കാന്‍, പണം പിന്‍വലിക്കാതെ അതേ ഫണ്ടിന്റെ ലിക്വിഡ് ഫണ്ടിലേക്ക് പണം മാറ്റിയ ശേഷം (സ്വിച്ച്) തിരികെ സ്വിച്ച് ചെയ്യാം. എന്നാല്‍ ഈ സ്വിച്ചിങ് റിഡംഷ (പിന്‍വലിയ്ക്കല്‍) നായി പരിഗണിച്ച് നാമമാത്ര നികുതി ഈടാക്കുമെങ്കിലും അതേ ദിവസത്തെ എന്‍എവിയില്‍ത്തന്നെ കൈമാറ്റം നടക്കും.

ആരോഗ്യ സുരക്ഷ, ഒപ്പം നിക്ഷേപ വളര്‍ച്ച
ആരാഗ്യം തന്നെയാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത്. അതിന് വലുപ്പച്ചെറുപ്പമില്ല, ആണ്‍ പെണ്‍ ഭേദമില്ല, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേര്‍തിരിവുമില്ല. എന്നാല്‍ ഇന്നത്തെ കാലത്ത് ഏറ്റവുമധികം ഭീഷണി നേരിടുന്നതും ആരോഗ്യം തന്നെയാണ്. പരിസ്ഥിതി മലിനീകരണം കാരണം ശ്വസിക്കുന്ന വായുവിനെയോ കീടനാശിനി പ്രയോഗവും മറ്റും മൂലം കഴിക്കുന്ന ഭക്ഷണത്തെയോ വിശ്വസിക്കാനാകാത്ത അവസ്ഥ. ഇതിനു പുറമെ ജീവിത ശൈലിയിലെ സങ്കീര്‍ണതകള്‍ മൂലമുള്ള ആരോഗ്യ ഭീഷണികള്‍ വേറെ.

രോഗപ്രതിരോധശേഷി കുറഞ്ഞതോടെ രോഗങ്ങളുടെ ആക്രമണവും അതിരൂക്ഷമായിരിക്കുന്നു. ചികില്‍സാ ചെലവും കുതിച്ചുയര്‍ന്നതോടെ ആരോഗ്യ സുരക്ഷ മുമ്പെന്നത്തെക്കാളും പ്രാധാന്യം നേടിയിരിക്കുന്നു എന്നു ചുരുക്കം.

ഈ സാഹചര്യത്തിലാണ് ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സു (മെഡി ക്ളെയിം) കള്‍ക്ക് പ്രാധാന്യമേറുന്നത്. ക്ളെയിം ഇല്ലാത്തപക്ഷം വര്‍ഷംതോറും അടയ്ക്കുന്ന മെഡിക്ളെയിം പോളിസി പ്രീമിയം തുക തിരിച്ചു കിട്ടില്ലെന്നത് ആരോഗ്യ സുരക്ഷാ പദ്ധതികളെ ഭൂരിപക്ഷത്തിനും അനഭിമതമാക്കുന്നു.

എന്നാല്‍ നിക്ഷേപമായും ആരോഗ്യ സുരക്ഷാ പദ്ധതിയായും പ്രവര്‍ത്തിക്കുന്ന മെഡിക്ളെയിം പോളിസികള്‍ അടുത്തയിടെ രംഗത്തുവന്നത് നിക്ഷേപകര്‍ക്ക് അനുഗ്രഹമാണ്. ചികില്‍സാ ചെലവുകള്‍ക്ക് പണം ലഭ്യമാക്കുന്നതിനൊപ്പം പ്രീമിയം തുകയുടെ ഒരു പങ്ക് നിക്ഷേപമായി പ്രവര്‍ത്തിച്ച് വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) ഹെല്‍ത്ത് പ്ളസ്, റിലയന്‍സ് ഇന്‍ഷുറന്‍സിന്റെ വെല്‍ത്ത്+ ഹെല്‍ത്ത്, ടാറ്റാ എഐജിയുടെ ഹെല്‍ത്ത് ഇന്‍വെസ്റ്റര്‍ തുടങ്ങിയവ ഇത്തരത്തില്‍ ഇരട്ട മുഖമുള്ള മെഡിക്ളെയിം പദ്ധതികളാണ്. മറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വൈകാതെ ഇത്തരം സ്കീമുകള്‍ അവതരിപ്പിക്കുമെന്നു കരുതുന്നു.

ഇവയിലെ നിക്ഷേപത്തിന് ആദായനികുതി നിയമം 80 ഡി വകുപ്പനുസരിച്ച് പരമാവധി 15,000 രൂപവരെ ഇളവ് ലഭിക്കും. ഹെല്‍ത്ത് പ്ളസ് പ്രീമിയം തുകയുടെ പകുതിവരെ ഓഹരി വിപണിയില്‍ നിക്ഷേപിക്കും. ആശുപത്രി ചെലവിനുള്ള ധനസഹായം, സുപ്രധാന ശസ്ത്രക്രിയയ്ക്കുവേണ്ടിയുള്ള ധനസഹായം എന്നിങ്ങനെ രണ്ടു വിധത്തിലുള്ള സംരക്ഷണം ഒരു പോളിസിയില്‍ മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും ലഭിക്കും.
18 മുതല്‍ 55 വയസുവരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. മൂന്നു മാസംമുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്കും സംരക്ഷണം ലഭ്യമാണ്. ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ക്ക് 65 വയസുവരെയാണ് സംരക്ഷണം ലഭിക്കുക.

ആശുപത്രിച്ചെലവിനുള്ള സാമ്പത്തിക സഹായത്തിന്റെ വിഭാഗത്തില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാളോ കുടുംബാംഗങ്ങളോ അപകടം, അസുഖം എന്നിവ കൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ ദിവസേന ആനുകൂല്യം ലഭിക്കും. ഗാര്‍ഹിക ചികിത്സാ ധനസഹായ പദ്ധതിയും ഉണ്ട്. ഗാര്‍ഹിക ചികിത്സാ ചെലവിനു തുല്യമായ തുക പോളിസിയുടെ ഫണ്ടില്‍നിന്ന് ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ക്ക് പിന്‍വലിക്കാം.

ഒരു വര്‍ഷം പരമാവധി രണ്ടു തവണയായി യൂണിറ്റുകളുടെ ഫണ്ട് മൂല്യത്തിന്റെ 50% ഇങ്ങനെ പിന്‍വലിക്കാം. കുറഞ്ഞ പ്രീമിയം തുക 5000 രൂപ. പോളിസിയുടെ കാലാവധി പൂര്‍ത്തിയാവുമ്പോള്‍ യൂണിറ്റുകളുടെ ഫണ്ട് മൂല്യം പോളിസിയുടമയ്ക്ക് നല്‍കും.

വെല്‍ത്ത്+ ഹെല്‍ത്തില്‍ ഓഹരി വിപണിയിലെ നിക്ഷേപം നൂറു ശതമാനം വരെയാകാം. ഇന്‍ഷുറന്‍സ് കാലവധി പൂര്‍ത്തിയാകുമ്പോള്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ടയാള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഫണ്ടിന്റെ മൂല്യമാണ് മടക്കി ലഭിക്കുക. പ്രീമിയം അടച്ചുതുടങ്ങി അഞ്ചു വര്‍ഷത്തിനു ശേഷം മുതല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മൂന്നു വര്‍ഷം മുമ്പു വരെ പല തവണകളായി അടച്ച തുകയുടെ 95 % തുക പിന്‍വലിക്കാം.

കുടുംബാംഗങ്ങള്‍ക്കു പരിരക്ഷ ലഭിക്കും. ആശുപത്രിച്ചെലവ്, ശസ്ത്രക്രിയ ചെലവ്, ക്രിട്ടിക്കല്‍ ഇല്‍നസ് കവര്‍ തുടങ്ങിയ ഏഴു ഫണ്ട് ഓപ്ഷനുകളിലായി ലഭ്യമാണ്. 10,000 രൂപ മുതല്‍ 12,000 രൂപവരെയാണ് വാര്‍ഷിക പ്രീമിയം. പരിരക്ഷ കൂട്ടാന്‍ ഇടയ്ക്കിടെ അധിക നിക്ഷേപം (ടോപ് അപ്) നടത്താനും സാധിക്കും. കുറഞ്ഞ ടോപ് അപ് തുക 2500 രൂപ.

ടാറ്റായാകട്ടെ ക്ളെയിം ഇല്ലാത്ത പക്ഷം അടച്ച പ്രീമിയം തുക മുഴുവന്‍ മടക്കിത്തരും. ആശുപത്രിച്ചെലവ്, ശസ്ത്രക്രിയ ചെലവ്, ക്രിട്ടിക്കല്‍ ഇല്‍നസ് കവര്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ക്രിട്ടിക്കല്‍ ഇല്‍നസ് കണ്ടെത്തുന്ന ഘട്ടത്തില്‍ ഉടന്‍ നിശ്ചിത തുക ലഭിക്കും. ഈ അസുഖങ്ങളുടെ പേരില്‍ ആദ്യ ശസ്ത്രക്രിയ നടത്തുമ്പോളും ഇത്തരത്തില്‍ തുക ലഭിക്കും. സാധാരണ മെഡിക്ളെയിം പോളിസികളെ അപേക്ഷിച്ച് ഇത്തരം സ്കീമുകളില്‍ പ്രീമിയം തുക കൂടുതലായിരിക്കും.