Market Watch

Saturday, February 27, 2010

വീട്ടിലെ വിപണി- നെറ്റ് ട്രേഡിങ്ങ്

ഈ സൃഷ്ടിയുടെ അവകാശി ഞാനല്ല . ദിലീപ് ഫിലിപ്പ് എന്ന വ്യക്തി ആണ് .പുതുപണം എന്ന ബ്ലോഗില്‍ ഞാന്‍ ഇതിനോട് താത്പര്യം തോന്നി എന്റെ ബ്ലോഗില്‍ കോപ്പി ചെയ്യുന്നു .

ടോക്കിയോ ഉല്‍പന്ന അവധി വിപണി (ടോകോം) യിലെ റബര്‍ വിലയുമായി മൊബൈല്‍ മെസേജെത്തുമ്പോഴാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഉമ്മര്‍ കോയയുടെ ദിനം ആരംഭിക്കുന്നത്. നീണ്ടകാലത്തെ ഗള്‍ഫ് പ്രവാസ ജീവിതത്തിനു ശേഷം വിശ്രമ ജീവിതത്തിലാണ് കോയയിപ്പോള്‍. എന്നാല്‍ സുഖസ്വസ്ഥമായി വെറുതെയിരിപ്പല്ല. ഉത്തരവാദിത്തങ്ങള്‍ മിക്കതും തീര്‍ത്തു കഴിഞ്ഞെങ്കിലും ഉമ്മര്‍ കോയ സജീവം.

നീണ്ടനാള്‍ ഗള്‍ഫില്‍ ജോലി ചെയ്തു നേടിയ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ഒാഹരി വിപണിയിലും ഉല്‍പന്ന അവധി വിപണിയിലും നിക്ഷേപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ മനസ്സ് ഇവിടെയൊന്നുമല്ല. രാവിലെ ടോക്കിയോ വിപണി, പത്തുമണിയാകുന്നതോടെ മുംബൈ, ഉച്ചയോടെ യൂറോപ്പ്, രാത്രി യുഎസിലെ ഡൌ ജോണ്‍സ് സൂചിക... എല്ലായിടത്തും ഒാടിയെത്തിയാലേ കോയയ്ക്ക് തന്റെ നിക്ഷേപങ്ങളില്‍ നിന്ന് ലാഭമുണ്ടാക്കാനാകൂ (കടുത്ത വ്യതിയാനങ്ങള്‍ സാധാരണമായ ഇന്നത്തെ വിപണിയില്‍ നഷ്ടമില്ലാതെ തടിയൂരാനും ഇൌ സൂക്ഷ്മപഠനം ആവശ്യം).

പഴയതുപോലെ ഒാഹരി ദല്ലാളിന്റെ ഒാഫിസില്‍ കയറിയിറങ്ങിയോ ബ്രോക്കിങ് സ്ഥാപനത്തിന്റെ ഒാഫിസിലെ ഫോണിന്റെ തിരക്കുമാറാന്‍ കാത്തുനിന്നോ അല്ല ഉമ്മര്‍കോയയുടെ ട്രേഡിങ്. ലിവിങ് റൂമിന്റെ മൂലയ്ക്കു വച്ചിരിക്കുന്ന കംപ്യൂട്ടര്‍ ടെര്‍മിനലിലൂടെയാണ് ഒാഹരിവ്യാപാരവും ഉല്‍പന്ന അവധിവ്യാപാരവുമെല്ലാം നടത്തുന്നത്. വില്‍പനയും വാങ്ങലുമെല്ലാം സ്വയം ചെയ്യുന്നു.

സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ വ്യാപര ഹാളുകളില്‍നിന്ന് തൊണ്ണൂറുകളുടെ മധ്യത്തോടെ ഒാഹരി വ്യാപാരം കംപ്യൂട്ടര്‍ സ്ക്രീനുകളിലേക്കു കുടിയേറി. എന്നാല്‍ 2005 ഒാടെ ഇത് ഇന്റര്‍നെറ്റ് വഴി നിക്ഷേപകന്റെ വീട്ടിലേക്ക് എത്തിക്കഴിഞ്ഞു. ഇന്ന് ഇന്‍ര്‍നെറ്റ് വഴിയുള്ള വ്യാപാരത്തോത് ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഇതിന് പ്രചാരം ഏറെയുണ്ട്. കേരളത്തില്‍നിന്നുള്ള ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് രാജ്യത്ത് ആദ്യമായി ഇന്റര്‍നെറ്റ് വ്യാപാരം ആരംഭിച്ചത്.

ഇപ്പോള്‍ മിക്ക ബ്രോക്കിങ് സ്ഥാപനങ്ങളും ഇൌ സേവനം ലഭ്യമാക്കുന്നുണ്ട്. റിലയന്‍സ് മണി, ഐസിഐസിഐ ഡയറക്ട്, ഷേര്‍ഖാന്‍, ഇന്ത്യാബുള്‍സ്, റെലിഗേര്‍, 5 പൈസ, മോട്ടിലാല്‍ ഒാസ്വാള്‍ സെക്യൂരിറ്റീസ്, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്, എയ്ഞ്ചല്‍ ബ്രോക്കിങ്, കൊഡാക് സെക്യൂരിറ്റീസ് തുടങ്ങിയവയാണ് പ്രമുഖര്‍.

ഒാഹരി, ഫ്യൂച്ചേഴ്സ് ആന്‍ഡ് ഒാപ്ഷന്‍സ്, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് തുടങ്ങിയവയെല്ലാം ഇപ്പോള്‍ ഒാണ്‍ലൈനായി വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ഐപിഒ അപേക്ഷയും ഇതിലൂടെ സമര്‍പ്പിക്കാനാകും. ഉല്‍പന്ന അവധി വ്യാപാരത്തിനും സൌകര്യമുണ്ട്. മ്യൂച്വല്‍ഫണ്ട് യൂണിറ്റ് വാങ്ങല്‍, വില്‍ക്കല്‍, സ്വിച്ചിങ് എന്നിവയെല്ലാം സാധിക്കും.

സ്വാതന്ത്യ്രവും സൌകര്യവും വേഗവും താരതമ്യേന കുറഞ്ഞ ബ്രോക്കറേജുമാണ് നെറ്റ് വ്യാപാരത്തിന്റെ മേന്മ. മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനമുണ്ടെങ്കില്‍ യാത്രയിലോ വിദേശത്തുനിന്നോ ഒക്കെ വ്യാപാരം സാധിക്കും. ഒാഹരി ഡേ ട്രേഡിങ്ങിന് 0.3% മുതല്‍ ഡെലിവറി വ്യാപാരത്തിന് (ഒാഹരി വാങ്ങി അന്നുതന്നെ വില്‍ക്കാതെ കൈവശം വയ്ക്കുന്നവര്‍) 0.8% വരെയാണ് വിവിധ സ്ഥാപനങ്ങളുടെ ബ്രോക്കറേജ്. വന്‍ തുകയ്ക്ക് വ്യാപാരം നടത്തുന്നവര്‍ക്ക് പ്രത്യേക നിരക്കും നല്‍കാറുണ്ട്. ബ്രോക്കിങ് സ്ഥാപനത്തില്‍ പോയിരുന്നോ, ഫോണിലോ വ്യാപാരം നടത്തിയാല്‍ ബ്രോക്കറേജ് ഇതില്‍ കൂടുതലാകും.

കംപ്യൂട്ടറും വേഗമേറിയ ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ഇന്റര്‍നെറ്റ് ട്രേഡിങ്ങിനുള്ള സംവിധാനങ്ങളായി. ബ്രോക്കിങ് സ്ഥാപനത്തിന്റെ ട്രേഡിങ് അക്കൌണ്ട്, ഇടപാടുകാരന്റെ ബാങ്ക് അക്കൌണ്ട്, ഡീമാറ്റ് അക്കൌണ്ട് എന്നിവ ബന്ധിപ്പിച്ചാണ് വ്യാപാര സംവിധാനമൊരുക്കുന്നത്. ഒാരോ സ്ഥാപനവും നിഷ്കര്‍ഷിക്കുന്ന ബാങ്കില്‍ നിക്ഷേപകന് അക്കൌണ്ട് ഉണ്ടാകണം. ഇതില്‍നിന്ന് ആവശ്യമായ മാര്‍ജിന്‍ പണം ബ്രോക്കിങ് സ്ഥാപനത്തിന്റെ അക്കൌണ്ടിലേക്ക് മാറ്റിയാലേ ട്രേഡിങ് സാധിക്കൂ.

മാര്‍ജിന്‍ ട്രേഡിങ്ങില്‍ മുഴുവന്‍ പണവും നല്‍കാതെ തന്നെ വ്യാപാരം നടത്താം. ഡെലിവറി വ്യാപാരത്തില്‍ മുഴുവന്‍ പണവും തങ്ങളുടെ അക്കൌണ്ടില്‍ എത്തിയ ശേഷമേ ബ്രോക്കിങ് സ്ഥാപനം നിക്ഷേപകന്റെ ഡീമാറ്റ് അക്കൌണ്ടിലേക്ക് ഒാഹരി മാറ്റൂ. ഒാണ്‍ലൈനായി പണം കൈമാറാനാകും.

ഒാര്‍ഡര്‍ നേരിട്ട് സ്റ്റോക്ക് എക്സ്ചേഞ്ചിനു നല്‍കുന്നതിനാല്‍ വേഗമേറുന്നു. വ്യാപാരത്തിനുള്ള പ്ളാറ്റ്ഫോം മാത്രമല്ല, തല്‍സമയ അവലോകനം, തല്‍സമയ ചാര്‍ട്ടുകള്‍, ടിപ്പുകള്‍, വാര്‍ത്തകള്‍, ടെക്നിക്കല്‍ അനാലസിസ് തുടങ്ങി വ്യാപാരത്തിനു സഹായിക്കുന്ന വിവിധ മൂല്യവര്‍ധിത സേവനങ്ങളും ലഭ്യമാക്കാറുണ്ട്. നിക്ഷേപകന്‍ വ്യാപാരത്തിനായി തിരഞ്ഞടുക്കുന്ന പ്ളാന്‍ അനുസരിച്ച് ഇവയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും.

എന്നും വന്‍തോതില്‍ വ്യാപാരം നടത്തുന്നവര്‍, ഡെലിവറി വ്യാപാരം നടത്തുന്നവര്‍, വല്ലപ്പോഴും മാത്രം കുറഞ്ഞതോതില്‍ വ്യാപാരം നടത്തുന്നവര്‍ എന്നിങ്ങനെ തരംതിരിച്ച് വ്യത്യസ്ത ഫീസ് ഘടനയിലാണ് വിവിധ പ്ളാനുകള്‍. നിശ്ചിത ഫീസ് ഇൌടാക്കാതെ കുറഞ്ഞ ബ്രോക്കറേജ് പരിധി ഏര്‍പ്പെടുത്തുന്ന സ്ഥാപനങ്ങളും ഉണ്ട്.

ഒരേ പ്ളാറ്റ്ഫോമില്‍നിന്ന് വിവിധ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ തിരഞ്ഞെടുക്കാനാകും. മിക്കവരും ബോംബെ സ്റ്റോക് എക്സ്ചേഞ്ചും (ബിഎസ്ഇ) നാഷനല്‍ സ്റ്റോക് എക്സ്ചേഞ്ചു (എന്‍എസ്ഇ) മാണ് ലഭ്യമാക്കുക.
പുതുതായി ഇന്റര്‍നെറ്റ് അക്കൌണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും വിലയിരുത്തി വിവിധ സ്ഥാപനങ്ങളുടെ ഇന്റര്‍നെറ്റ് ട്രേഡിങ് പ്ളാറ്റ്ഫോമുകള്‍ തമ്മില്‍ ഒരു താരതമ്യ പഠനം നടത്തുന്നത് നന്നായിരിക്കും.

ബ്രോക്കറേജ്, തുടക്ക ചാര്‍ജുകള്‍ (ചിലര്‍ തുടക്കത്തില്‍ ചാര്‍ജ് ഇൌടാക്കാതെ കുറഞ്ഞ ബ്രോക്കറേജ് നിബന്ധനയാണു വയ്ക്കുന്നത്), വിവിധ പ്ളാനുകള്‍, ട്രേഡിങ് സാധിക്കുന്ന എക്സ്ചേഞ്ചുകള്‍ ഏതെല്ലാം, ലഭ്യമായ സൌകര്യങ്ങള്‍ (ചില സ്ഥാപനങ്ങള്‍ ഉല്‍പന്ന അവധി വ്യാപാരവും ഒരേ സംവിധാനത്തില്‍ ലഭ്യമാക്കുമ്പോള്‍ ചിലര്‍ ഇത് വെവ്വേറെയാണ് നല്‍കുന്നത്) എന്നിവയെല്ലാം താരതമ്യം ചെയ്യണം.

ഇന്റര്‍നെറ്റ് കണക്ഷനാണ് ഒാണ്‍ലൈന്‍ നിക്ഷേപകര്‍ക്കു മുന്നില്‍ പലപ്പോഴും വില്ലനായി വരുന്നത്. കുറഞ്ഞ തോതില്‍ വ്യാപാരം നടത്തുന്നവര്‍ക്കും നെറ്റ് ട്രേഡിങ്ങിന്റെ പൂര്‍ണ പ്രയോജനം ലഭിക്കില്ല. ഒാര്‍ഡര്‍ ഇടുന്നതും മറ്റും സ്വയം ചെയ്യുന്നതിനാല്‍ അതിലുണ്ടാകുന്ന തെറ്റുകള്‍ക്ക് നിക്ഷേപകന്‍തന്നെയാകും ഉത്തരവാദി. ഇതുമൂലമുണ്ടാകാവുന്ന നഷ്ടവും സ്വയം വഹിക്കണം. എന്നാല്‍ നിക്ഷേപകന്‍ സംശയ നിവാരണമോ മറ്റു സഹയങ്ങളോ ആവശ്യമായാല്‍ ബന്ധപ്പെടാന്‍ സ്ഥാപനങ്ങള്‍ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടാകും.