`കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നല്ലേ മീറ്റിംഗ്, ശ്ശെ ഞാനത് മറന്നല്ലോ,' ഒഴിവാക്കാനാകാത്ത ബിസിനസ് മീറ്റിംഗുകളും വ്യക്തിഗത ചടങ്ങുകളുമൊക്കെ മറന്നിട്ട് ഇങ്ങനെ പറയുന്നവര്‍ ധാരാളം. ഇത്തരം കാര്യങ്ങള്‍ മറക്കുന്നത് നമ്മുടെ ബിസിനസിനെ, പ്രൊഫഷനെ എന്തിന് ബന്ധങ്ങളെപ്പോലും ബാധിച്ചേക്കാം. നിങ്ങള്‍ എവിടെപ്പോയാലും അവിടെയെല്ലാം കയ്യില്‍ കരുതുന്ന മൊബീല്‍ ഫോണിലെ ലളിതമായ `റിമൈന്‍ഡര്‍' എന്ന സൗകര്യം ഉപയോഗിച്ചിരുന്നെങ്കില്‍ ഈ മറവി ഒഴിവാക്കാമായിരുന്നു.
റിമൈന്‍ഡര്‍ എടുത്ത് അതില്‍ ഓര്‍മ്മിപ്പിക്കേണ്ട കാര്യം ടൈപ്പ് ചെയ്‌ത് കൊടുത്താല്‍ സമയമാകുമ്പോള്‍ അലാം അടിക്കും. ഒപ്പം ഓര്‍മ്മിക്കേണ്ട കാര്യം സ്‌ക്രീനില്‍ തെളിയും. തികച്ചും ലളിതമായ ഈ സംവിധാനം ഇപ്പോള്‍ ഇറങ്ങുന്ന എല്ലാ മൊബീലിലുമുണ്ട്. മിക്കവര്‍ക്കും ഇത് അറിയുകയും ചെയ്യാം. എന്നാല്‍ ഇത് മാത്രമല്ല, സമാനമായ ലളിതമായ സംവിധാനങ്ങള്‍ പോലും നിത്യജീവിത്തില്‍ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ഇതുപോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാല്‍ എല്ലാകാര്യങ്ങള്‍ക്കും ആശ്രയിക്കാവുന്ന, ജീവിതത്തിലെ ഏറ്റവും മികച്ച സന്തതസഹചാരിയാകും നിങ്ങളുടെ കൈയിലിരിക്കുന്ന മൊബീല്‍ ഫോണ്‍.
ഫോണ്‍ വിളിക്കുക, കോളുകള്‍ സ്വീകരിക്കുക എന്നതിനപ്പുറം ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ് എന്ന നിലയിലേക്ക് മൊബീല്‍ ഫോണുകള്‍ മാറിക്കഴിഞ്ഞു. രാവിലെ വിളിച്ചെഴുന്നേല്‍പ്പിക്കാനുള്ള അലാമില്‍ നിന്ന് തുടങ്ങി ലോകത്തിന്റെ ഏത് കോണില്‍ പോയാലും വഴികാണിച്ച് തരുന്ന സഹയാത്രികന്‍ എന്ന നിലയിലെത്തി നില്‍ക്കുന്നു മൊബീല്‍ ഫോണിന്റെ വൈവിധ്യമാര്‍ന്ന ജോലികള്‍.
സമയബന്ധിതമായി എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാനും ചെയ്യേണ്ട കാര്യങ്ങള്‍ അതിന്റെ സമയത്ത് ചെയ്യാനും അപ്പോയ്‌ന്‍മെന്റുകള്‍ ഓര്‍മ്മിപ്പിക്കാനും ഒരു പേഴ്‌സണല്‍ സെക്രട്ടറി എങ്ങനെ പ്രയോജനപ്പെടുന്നോ അതുപോലെ മൊബീല്‍ ഫോണിനെ ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ.
മൊബീലിലെ ഓര്‍ഗനൈസറുകളിലുള്ള കലണ്ടര്‍, അലാം, ടാസ്‌ക് മാനേജര്‍, നോട്ട്‌സ് എന്നീ സൗകര്യങ്ങള്‍ വഴി നിങ്ങളുടെ ജോലിയുടെ പകുതി സങ്കീര്‍ണ്ണതകള്‍ കുറയ്‌ക്കാനാകും. അതുവഴി പ്രൊഫഷണലിസം കാത്തുസൂക്ഷിക്കാനും കഴിയും.
ഒട്ടുമിക്ക ഫോണുകളിലുമുള്ള കലണ്ടര്‍ ടൂളുകള്‍ ഫലപ്രദമായി ഉപയോഗിച്ചാല്‍ തന്നെ നിങ്ങളുടെ വ്യക്തിഗത ജീവിതവും പ്രൊഫഷണല്‍ ജീവിതവും കൂടുതല്‍ ചിട്ടയാക്കാന്‍ കഴിയും. കലണ്ടറിലെ ദിവസവും സമയവും തെരഞ്ഞെടുത്ത ശേഷം പുതിയ അപ്പോയ്‌മെന്റുകളോ മീറ്റിംഗുകളോ രേഖപ്പെടുത്താം. എല്ലാ ദിവസമോ ആഴ്‌ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ആവര്‍ത്തിക്കുന്ന മീറ്റിംഗുകളോ ഇവന്റുകളോ ഒക്കെ ഇപ്രകാരം സെറ്റ് ചെയ്യാം.
സ്‌മാര്‍ട്ടാകാന്‍ കലണ്ടറുകള്‍ കലണ്ടറില്‍ ഒരു പടി കൂടി കടന്നാല്‍ കംപ്യുട്ടറിലുള്ള ഡെസ്‌ക്‌ടോപ്പ് കലണ്ടര്‍ ഇന്റര്‍നെറ്റിലെ ഗൂഗിള്‍ കലണ്ടര്‍ പോലെയുള്ള തേര്‍ഡ് പാര്‍ട്ടി കലണ്ടറുകളുമായി `സിംക്രണൈസ്' ചെയ്യാനുള്ള സൗകര്യം മുന്തിയ ഹാന്‍ഡ്‌സെറ്റുകള്‍ തരുന്നുണ്ട്. ഇതിലൂടെ മൊബീലിലെയും കംപ്യൂട്ടറിലെയും ഇവന്റുകളും മറ്റും പരസ്‌പരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ ഓഫീസിലിരുന്ന് നിങ്ങളുടെ ജീവനക്കാര്‍ തയ്യാറാക്കുന്ന കലണ്ടര്‍ ഇവന്റുകള്‍ നിമിഷങ്ങള്‍ക്കകം ഹാന്‍ഡ്‌സെറ്റിലും അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു. മിക്കവാറും യാത്രകളിലായിരിക്കുന്ന എക്‌സിക്യൂട്ടിവുകള്‍ക്കും ബിസിനസുകാര്‍ക്കും ഇതൊരു അനുഗ്രമാണ്.
കൃത്യസമയത്ത് ചെയ്‌തുതീര്‍ക്കേണ്ട ജോലികളാണ് മൊബീല്‍ ഫോണിലെ ടാസ്‌ക് മാനേജര്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യാവുന്നത്. കൃത്യസമയത്ത് ഫോണ്‍ ചെയ്യുക, മെയ്‌ലുകള്‍ അയക്കുക തുടങ്ങിയ ജോലികള്‍ ടാസ്‌ക് മാനേജറെ ഏല്‍പ്പിച്ചാല്‍ അത് നമ്മെ കൃത്യസമയമാകുമ്പോള്‍ ഓര്‍മ്മിപ്പിക്കും. ഒരു കോള്‍ വിളിക്കുന്നതില്‍ പോലും കൃത്യസമയം പാലിക്കുന്നത് ജോലിയോ പ്രായമോ എന്തുമായിക്കൊള്ളട്ടെ നിങ്ങള്‍ സ്‌മാര്‍ട്ടാണെന്ന തോന്നല്‍ മറ്റുള്ളവരിലുണ്ടാക്കും.
ഫോണ്‍ വിളി കഴിഞ്ഞാല്‍ പിന്നെ എല്ലാവരും മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അലാമിനുവേണ്ടിയാണത്രെ. എസ്.എം.എസ് ചെയ്യാന്‍ പഠിക്കാത്തവരും അലാം എങ്ങനെ സെറ്റ് ചെയ്യാമെന്ന് കൃത്യമായി പഠിക്കുന്നു. അത്ര സാങ്കേതിപരിജ്ഞാനമില്ലത്തരില്‍ പലരും മൊബീല്‍ വാങ്ങുമ്പോള്‍ തന്നെ അലാം എങ്ങനെ സെറ്റ് ചെയ്യാം എന്ന് ചോദിച്ച് പഠിക്കുന്നുവെന്ന് വില്‍പ്പനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
എസ്.എം.എസ് സൗകര്യം കേരളത്തിലെ 40 ശതമാനം പേരും ഉപയോഗിക്കുന്നില്ലത്രെ. എന്നാല്‍ നാം വിളിക്കുന്നയാള്‍ പരിധിക്ക് പുറത്താണെങ്കിലോ മൊബീല്‍ സ്വിച്ച് ഓഫ് ചെയ്‌തിരിക്കുകയാണെങ്കിലോ എന്തെങ്കിലും അത്യാവശ്യകാര്യം അറിയിക്കാനുണ്ടെങ്കില്‍ എസ്.എം.എസ് അയക്കുക. പരിധിയിലെത്തുമ്പോള്‍ അയാള്‍ക്ക് മെസേജ് സ്വീകരിക്കാനാകും.
കാമറ ഫോണുകള്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും കാമറസൗകര്യം ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വീഡിയോ റെക്കോര്‍ഡിംഗ് നടത്തുന്നവരുടെ എണ്ണം കുറവാണ്. പക്ഷേ അത്യാവശ്യമുള്ള ഒരു ബിസിനസ് പ്രസന്റേഷനിലോ മറ്റോ വീഡിയോ റെക്കോഡിംഗ് പ്രയോജനം ചെയ്യും. സെമിനാറുകളില്‍ പങ്കെടുക്കുമ്പോള്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക് ഇനി സ്‌മാര്‍ട്ടായി മൊബീലില്‍ നോട്ടെഴുതാം. ഇതിനായി ഫോണിന്റെ ഓര്‍ഗനൈസറിലുള്ള നോട്ട്‌സ് എന്ന ടൂളെടുക്കുക. ബിസിനസ് മീറ്റിംഗുകളില്‍ നിന്ന് ലഭിക്കുന്ന പ്രധാന കാര്യങ്ങള്‍ മാത്രമല്ല, യാത്ര ചെയ്യുമ്പോള്‍ മനസിലേക്ക് വരുന്ന മികച്ച ആശയങ്ങള്‍ പോലും നോട്ട്‌സില്‍ കുത്തിക്കുറിക്കാം. തിരിച്ച് വീട്ടിലെത്തുമ്പോള്‍ അത് കൃത്യമായി കംപ്യൂട്ടറിലേക്ക് മാറ്റൂ. ടൈറ്റിലുകള്‍ കൊടുത്ത് ഓരോന്നും പ്രത്യേകമായി സൂക്ഷിച്ചാല്‍ അവയൊക്കെ ഏതു മാനേജ്‌മെന്റ് ഗ്രന്ഥത്തില്‍ നിന്ന് ലഭിക്കുന്നതിലും അമൂല്യമായ അറിവുകളായിരിക്കും.
ഫോണിലെടുത്ത ഫോട്ടോയും റെക്കോര്‍ഡ് ചെയ്‌ത കാര്യങ്ങളുമൊക്കെ മൊബീലിന്റെ യു.എസ്.ബി കോഡ് വഴി കംപ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്യാം. മെമ്മറി കാര്‍ഡ് വഴിയും ചിത്രങ്ങളും മറ്റും അപ്‌ലോഡ് ചെയ്യാനാകും.
ബ്ലൂടൂത്ത് സൗകര്യമുള്ള ഫോണും ലാപ്പ്‌ടോപ്പുമാണെങ്കില്‍ ബ്ലൂടൂത്ത് വഴിയും ഇവ കംപ്യൂട്ടറിലാക്കി സൂക്ഷിക്കാം. ബ്ലൂടൂത്ത് വഴിയോ എം.എം.എസ് വഴിയോ ചിത്രങ്ങളും റെക്കോര്‍ഡിംഗുമൊക്കെ മറ്റുള്ളവരുടെ ഫോണിലേക്ക് അയച്ചുകൊടുക്കുകയുമാകാം. ബ്ലൂടൂത്ത് വഴി ചിത്രങ്ങളും മറ്റും കൈമാറുന്നതിന് ഫോണുകള്‍ അല്ലെങ്കില്‍ ഫോണും ബ്ലൂടൂത്ത് സൗകര്യമുള്ള കംപ്യൂട്ടറും തമ്മില്‍ 10 മീറ്ററില്‍ കൂടുതല്‍ അകലമുണ്ടാകാന്‍ പാടില്ല. 100 മീറ്ററുകള്‍ വരെ ബ്ലൂടൂത്ത് കണക്‌റ്റിവിറ്റി ലഭിക്കുന്ന ഫോണുകള്‍ വിപണിയിലിറങ്ങിയിട്ടുണ്ട്.
മൂല്യവര്‍ധിത സേവനങ്ങള്‍ നിരവധി മൂല്യവര്‍ധിത സേവനങ്ങള്‍ മൊബീല്‍ കമ്പനി ഓപ്പറേറ്റര്‍മാര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. മൂല്യവര്‍ധിത സേവനങ്ങളുടെ പ്രധാന ആരാധകര്‍ യുവാക്കള്‍ തന്നെയാണ്. മൊബീല്‍ കമ്പനികളുടെ വരുമാനത്തിന്റെ പത്തുശതമാനവും മൂല്യവര്‍ധിത സേവനങ്ങളില്‍ നിന്നാണ്.
കോളര്‍ ടൂണുകളാണ് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന മൂല്യവര്‍ധിത സേവനം. വിളിക്കുന്നയാളെ ആകര്‍ഷകമായ ഗാനങ്ങള്‍ കേള്‍പ്പിക്കാനുള്ള അവസരം പ്രായഭേദമന്യേ ഭൂരിഭാഗം ഉപഭോക്താക്കളും ഇന്ന് ഉപയോഗിക്കുന്നുണ്ട്. ഇവയുടെ മാസവാടക ശരാശരി 30 രൂപയാണ്.
മിസ്‌ഡ് കോള്‍ അലേര്‍ട്ടാണ് മറ്റൊരു ജനപ്രിയ സേവനം. നാം പരിധിക്ക് പുറത്തായിരിക്കുമ്പോഴും മൊബീല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തിരിക്കുമ്പോഴും ആ സമയത്ത് ആരെങ്കിലും വിളിച്ചാല്‍ പിന്നീട് ഫോണ്‍ കവറേജ് ഏരിയയിലാകുമ്പോള്‍ വിളിച്ചയാളുടെ നമ്പര്‍ മെസേജ് ആയി ലഭിക്കും. ഇതിലേക്ക് തിരിച്ച് വിളിച്ചാല്‍ മതിയാകും. ഒരു കോള്‍ പോലും നിങ്ങള്‍ക്ക് നഷ്‌ടപ്പെടില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
മിസ്‌ഡ് കോള്‍ അലേര്‍ട്ടിന്റെ ഒരു പടി കൂടി കടന്ന സേവനമാണ് റിവേഴ്‌സ് കോള്‍ അലേര്‍ട്ട്. നാം വിളിക്കുമ്പോള്‍ ഒരാള്‍ പരിധിക്ക് പുറത്താണെന്നിരിക്കട്ടെ. അയാള്‍ കവറേജ് ഏരിയയിലെത്തുമ്പോള്‍ അതറിയിച്ചുകൊണ്ട് നമുക്ക് മെസേജ് വരുന്നു. അപ്പോള്‍ നമുക്കയാളെ വിളിക്കാം. ഇതിനായി നാം വിളിക്കുന്നയാള്‍ റിവേഴ്‌സ് കോള്‍ അലേര്‍ട്ട് സേവനത്തിന്റെ വരിക്കാരനായിരിക്കണം.
കോള്‍ എടുക്കാന്‍ പറ്റിയില്ലെങ്കില്‍ വിളിക്കുന്നയാളുടെ ആവശ്യം റെക്കോര്‍ഡ് ചെയ്‌തിടാവുന്ന സേവനമാണ് വോയ്‌സ് മെയ്‌ല്‍ . ദിവസേനയുള്ള ന്യൂസ്, ഹൊറസ്‌കോപ്പ്, ഹെല്‍ത്ത്, സ്റ്റോക്ക് മാര്‍ക്കറ്റ് തുടങ്ങിയ ഒട്ടനവധി അലേര്‍ട്ടുകള്‍ നിശ്ചിത മാസവാടകയില്‍ കമ്പനികള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അവനവന്റെ താല്‍പ്പര്യമനുസരിച്ച് അവയുടെ വരിക്കാരാകാം. മറ്റൊരു ജനപ്രിയ സേവനമായ റിയാലിറ്റി ഷോകളിലേക്കുള്ള എസ്.എം.എസ് മൊബീല്‍ കമ്പനികളുടെ വലിയൊരു വരുമാനമാര്‍ഗം കൂടിയാണ്. ഒരു എസ്.എം.എസിന് മൂന്ന് രൂപയാണ് ഇതിന്റെ ശരാശരി നിരക്ക്.
ഇഷ്‌ടമുള്ള ടെലിവിഷന്‍ പരിപാടികള്‍ ആസ്വദിക്കാനോ വാര്‍ത്തകള്‍ അറിയാനോ ഉള്ള സൗകര്യം എല്ലാ ഓപ്പറേറ്റര്‍മാരും ഒരുക്കുന്നുണ്ട്. മിനിറ്റിനാണ് ഇതില്‍ ചാര്‍ജ് ഈടാക്കുന്നത്. ഫോണില്‍ പത്രങ്ങള്‍ വായിക്കാനുമുള്ള സൗകര്യമുണ്ട്. പക്ഷെ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വളരെ കുറവാണെന്ന് സേവനദാതാക്കള്‍ തന്നെ പറയുന്നു. മുന്തിയ ഫോണുകള്‍ മാത്രമേ ഇത്തരം സേവനങ്ങള്‍ സപ്പോര്‍ട്ട് ചെയ്യുന്നുള്ളു.
ലാപ്പ്‌ടോപ്പിനെ വെല്ലുവിളിച്ച് ബ്ലാക്ക്‌ബെറി ടെലി കമ്യുണിക്കേഷന്‍ രംഗത്ത് വിപ്ലവം തന്നെ സൃഷ്‌ടിക്കാന്‍ ബ്ലാക്ക്‌ബെറിക്ക് കഴിഞ്ഞു. ഇ-മെയ്‌ല്‍ അയക്കല്‍ മുതല്‍ പ്രൊജക്‌റ്ററുമായി കണക്‌റ്റ് ചെയ്‌ത് ബിസിനസ് പ്രസന്റേഷന്‍ വരെ നടത്താന്‍ കഴിയുന്ന ബ്ലാക്ക്‌ബെറിയെ മാറ്റിനിറുത്തി മറ്റൊരു പകരക്കാരനെക്കുറിച്ച് ചിന്തിക്കാന്‍ മിക്ക ഉന്നത എക്‌സിക്യൂട്ടിവുകള്‍ക്കും ഇപ്പോള്‍ കഴിയില്ല.
``വളരെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനുള്ള മെയ്‌ലുകള്‍ കാത്തിരിക്കുമ്പോഴാണ് എന്റെ ബ്ലാക്ക്‌ബെറി യാത്രക്കിടയില്‍ നഷ്‌ടപ്പെടുന്നത്. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. അക്ഷരാര്‍ത്ഥത്തില്‍ ഒരു പത്തുവയസുകാരന്റെ അവസ്ഥയില്‍ ഞാനെത്തി. കയ്യില്‍ പിന്നെയുള്ളത് അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള ഫോണ്‍. ഭാഗ്യത്തിന് അതില്‍ ഓഫീസ് നമ്പര്‍ സേവ് ചെയ്‌തിട്ടുണ്ടായിരുന്നു. അതില്‍ വിളിച്ച് ഞാന്‍ ഇ-മെയ്‌ലുകള്‍ വായിച്ചു കേട്ട് അതിനുള്ള മറുപടി പറഞ്ഞ് കൊടുത്തു. രണ്ട് ദിവസത്തിനുശേഷം തിരികെ ഓഫീസിലെത്തി മറ്റൊന്ന് തരപ്പെടുത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്,'' ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ സാരഥി തന്റെ കൈയില്‍ നിന്ന് ബ്ലാക്ക്‌ബെറി നഷ്‌ടപ്പെട്ടപ്പോഴുണ്ടായ അവസ്ഥ പങ്കുവെക്കുന്നു.
ഉയര്‍ന്ന എക്‌സിക്യൂട്ടിവുകളില്‍ ഇന്ന് ബ്ലാക്ക്‌ബെറി ഫോണ്‍ കൂടുതല്‍ ജനകീയമായിക്കഴിഞ്ഞു. മിക്ക മിഡില്‍ ലെവല്‍ മാനേജര്‍മാരുടെ കയ്യിലും ഇന്ന് ബ്ലാക്ക്‌ബെറി കാണാം. എപ്പോഴും ഓണ്‍ലൈനായിരിക്കേണ്ടവര്‍ക്കും ഇ-മെയ്‌ലുകള്‍ ഇടക്കിടക്ക് പരിശോധിച്ച് മറുപടി അയക്കേണ്ടവര്‍ക്കും ഏറ്റവും അനുയോജ്യം ബ്ലാക്ക്‌ബെറി തന്നെ.
പുഷ് ഇ-മെയ്‌ല്‍, ഇന്‍സ്റ്റന്റ് മെസഞ്ചര്‍, ജി.പി.എസ് എനേബിള്‍ഡ് മാപ്പുകള്‍, പേഴ്‌സണല്‍ മാനേജര്‍, ഗെയിംസ്, മ്യൂസിക് ആന്‍ഡ് വീഡിയോ പ്ലെയര്‍, ഇന്റര്‍നെറ്റ് ബ്രൗസിംഗ്, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ ഒട്ടനവധി പുതുതലമുറ സേവനങ്ങള്‍ ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്. ബി.എസ്.എന്‍.എല്‍, റിലയന്‍സ്, വോഡഫോണ്‍, എയര്‍ടെല്‍, ടാറ്റ ഇന്‍ഡികോം തുടങ്ങിയ കമ്പനികളാണ് ഇന്ത്യയില്‍ ബ്ലാക്ക്‌ബെറി സേവനം ലഭ്യമാക്കുന്നത്. ഉപയോഗത്തിനനുസരിച്ച് ബില്ലടക്കേണ്ട പ്ലാന്‍ മുതല്‍ പരിധിയില്ലാത്ത ഉപയോഗം സാധ്യമാക്കുന്ന പ്ലാനുകള്‍ വരെ ലഭ്യമാണ്. കൂടുതല്‍ ഉപയോഗമുള്ളവര്‍ക്ക് അണ്‍ലിമിറ്റഡ് പ്ലാനുകളാണ് അനുയോജ്യം.
കോണ്ടാക്‌റ്റുകള്‍ സൂക്ഷിക്കാം, നൂറുകണക്കിന് നമ്പറുകള്‍ നിങ്ങള്‍ ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടാകും. ഓരോ കോണ്ടാക്‌റ്റും ഓരോ ബന്ധങ്ങളാണ്. എന്നാല്‍ ഫോണ്‍ നഷ്‌ടപ്പെട്ടാലോ അതിന് തകരാര്‍ സംഭവിച്ചാലോ എന്ത് ചെയ്യും? സാധാരണ രീതിയില്‍ നമ്പറുകള്‍ മുഴുവന്‍ നഷ്‌ടപ്പെടും. തീരാത്ത നഷ്‌ടമായിരിക്കും അതിലൂടെ സംഭവിക്കുക.
യു.എസ്.ബി കോഡ് വഴി കണക്‌റ്റ് ചെയ്‌ത് കംപ്യൂട്ടറില്‍ നമ്പറുകളുടെയെല്ലാം ബാക്കപ്പ് എടുത്തുവെക്കാം. അല്ലെങ്കില്‍ കുറഞ്ഞവിലയില്‍(ശരാശരി 500 രൂപ) സിം കാര്‍ഡ് റീഡറുകള്‍ വിപണിയില്‍ ലഭ്യമാണ്. സിം കാര്‍ഡ് ഇതിനുള്ളിലിട്ട് കംപ്യൂട്ടറിലേക്ക് കണക്‌റ്റ് ചെയ്‌താല്‍ സിമ്മിലെ കോണ്ടാക്‌റ്റ് നമ്പറുകള്‍ മാത്രമല്ല മറ്റു വിവരങ്ങളുടെയെല്ലാം ബാക്കപ്പ് എടുക്കാം. എല്ലാത്തിന്റെയും പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുകയുമാകാം. മാസത്തിലൊരിക്കലോ മറ്റ് ബാക്കപ്പ് എടുത്തിരിക്കുന്ന കോണ്ടാക്‌റ്റ് നമ്പറുകള്‍ അപ്‌ഡേറ്റ് ചെയ്യണം.
ബാക്കപ്പ് എടുക്കാന്‍ മടിയാണെങ്കില്‍ സി.ഡി.എം.എ സേവനം നല്‍കുന്ന ചില സേവനദാതാക്കള്‍ ബാക്കപ്പ് സൗകര്യം നല്‍കുന്നുണ്ട്
From Dhanam Magazine
|