Market Watch

Thursday, January 7, 2010

ലീഡറാകൂ, ബിസിനസിനെ വിജയത്തിലേക്ക്‌ നയിക്കൂ

എങ്ങനെ സ്ഥാപനത്തിലെ ജീവനക്കാരെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ച്‌ വായനക്കാരില്‍ നിന്ന്‌ എനിക്ക്‌ നിരവധി കത്തുകള്‍ കിട്ടാറുണ്ട്‌. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തന്നെ ആണിത്‌.
ഇത്തരം വ്യവസായങ്ങളെ എടുത്തു പരിശോധിക്കുകയാണെങ്കില്‍ അതെല്ലാം ഒരൊറ്റ സംരംഭകന്റെ കഴിവിന്റെയും മികവിന്റെയും അടിസ്ഥാനത്തില്‍ മാത്രം തുടങ്ങിയതാണെന്ന്‌ കാണാം. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ കാര്യം എടുക്കൂ. ആയുര്‍വേദത്തിനായി ജീവിതം സമര്‍പ്പിച്ചിരിക്കുന്ന ഒരു ഡോക്‌റ്ററുടെ കഴിവിനെ അടിസ്ഥാനമാക്കി തുടങ്ങിയതാണ്‌ ആ സ്ഥാപനം എന്ന്‌ കാണാം. ഒരു കളര്‍ ലാബിന്റെ കാര്യമെടുത്താലാകട്ടെ അതിനകത്ത്‌ ഇതേ പോലെ ഒരു ഫോട്ടോഗ്രാഫറെ നിങ്ങള്‍ക്ക്‌ കാണാം.
എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ വളര്‍ച്ചാ പാതയില്‍ മുന്നോട്ടുപോകുമ്പോള്‍ കൂടുതല്‍ ആളുകളെ ജോലിക്ക്‌ നിയമിക്കേണ്ടി വരും. എന്നാല്‍ ഇത്തരക്കാരെ ക്കൊണ്ട്‌ ഫലപ്രദമായി പണിയെടുപ്പിക്കുക എന്നത്‌ ഉടമയ്‌ക്ക്‌ എന്നും ഒരു തലവേദന ആയിരിക്കും.
ബിസിനസ്‌ ചെറുതായിരുന്നപ്പോള്‍ എല്ലാം ഉടമയ്‌ക്ക്‌ സ്വയം ചെയ്യാമായിരുന്നു. എന്നാല്‍ ബിസിനസ്‌ വളരുമ്പോള്‍ അങ്ങനെയല്ല സ്ഥിതി. ഇത്തരക്കാരെ കൈകാര്യം ചെയ്യാന്‍ പലര്‍ക്കും കഴിയാത്തത്‌ എന്തുകൊണ്ടാണ്‌? അതിനുള്ള വൈദഗ്‌ധ്യം അവര്‍ക്കില്ല എന്നതുതന്നെ കാരണം. ജോലിക്കാരെ കൈകാര്യം ചെയ്യുന്നതിലല്ല താന്‍ ഏതു ജോലിയാണോ ചെയ്‌തുകൊണ്ടിരുന്നത്‌ ആ വിഷയത്തിലായിരിക്കും ഉടമകള്‍ക്ക്‌ വൈദഗ്‌ധ്യം. എന്നാല്‍ ഇക്കാര്യങ്ങളില്‍ വൈദഗ്‌ധ്യമുള്ള ഒരു ചീഫ്‌ എക്‌സിക്യൂട്ടിവിനെയോ മാനേജരെയോ നിയമിക്കാന്‍ മാത്രം സ്ഥാപനം വളര്‍ന്നിട്ടുമുണ്ടാകില്ല.
ടീം വര്‍ക്കിന്‌ പ്രാധാന്യം
ബ്രഹ്മ ലേണിംഗ്‌ സൊലൂഷന്‍സ്‌ എന്ന പേരില്‍ ഞാന്‍ ഒരു ട്രെയ്‌നിംഗ്‌ ആന്‍ഡ്‌ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്നുണ്ട്‌. ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന `ബിസിനസ്‌ ഇന്‍സൈറ്റ്‌സ്‌' എന്ന ഒരു വിഭാഗം തന്നെ ഈ സ്ഥാപനത്തിലുണ്ട്‌. വിവിധ മേഖലകളിലുള്ള അര്‍പ്പണ മനോഭാവമുള്ള വിദഗ്‌ധരുടെ ഒരു ടീം ആണ്‌ ഇവിടെയുള്ളത്‌. ആയിരക്കണക്കിന്‌ സംരംഭകരെ വിജയത്തിലേക്ക്‌ നയിക്കുക എന്ന ഒറ്റ ലക്ഷ്യമാണ്‌ അവര്‍ക്ക്‌. ഇത്തരം സേവനം തേടി വന്നവര്‍ക്കായി നടത്തിയ സ്‌ട്രാറ്റജി സെഷനില്‍ പങ്കെടുത്ത എനിക്ക്‌ മനസിലായ ഒരു പ്രധാന കാര്യം ഇവരുടെയെല്ലാം പൊതുവായ പ്രശ്‌നം സ്ഥാപനത്തിലെ മനുഷ്യവിഭവശേഷിയെ നയിക്കാനുള്ള സംരംഭകരുടെ കഴിവില്ലായ്‌മയാണ്‌. അതുകൊണ്ടാണ്‌ ധനത്തിന്റെ എല്ലാ വായനക്കാര്‍ക്കും പ്രയോജനപ്പെടാന്‍ വേണ്ടി ഇനിയുള്ള ഏതാനും ലക്കങ്ങളില്‍ ഈ വിഷയത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നത്‌.
ഏതൊരു സംരംഭകനും തന്റെ സ്ഥാപനത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ നയിക്കണമെങ്കില്‍ സ്ഥാപനത്തിനുള്ളില്‍ ഒരു കര്‍മോന്മുഖമായ ടീമിനെ കെട്ടിപ്പൊക്കുകയും അതിനെ കാര്യക്ഷമമായി നയിക്കുകയും വേണം. ഇന്നത്തെ പരിസ്ഥിതിയില്‍ സ്ഥാപനത്തിന്‌ വേണ്ടത്‌ മാനേജര്‍മാരെയല്ല, ലീഡേഴ്‌സിനെയാണ്‌. ഇന്ന്‌ പലര്‍ക്കും ലീഡര്‍ഷിപ്പിന്റെ അര്‍ത്ഥം ശരിയായി അറിയുക പോലുമില്ല എന്നതാണ്‌ ശരി. കാരണം നമുക്ക്‌ ഏറ്റവും കൂടുതല്‍ പരിചയം ട്രേഡ്‌ യൂണിയന്‍ നേതാക്കന്മാരെയാണ്‌. ട്രേഡ്‌ യൂണിയനുകളില്‍ തൊഴിലാളികളെ പ്രതിനിധീകരിച്ച്‌ നേതാവ്‌ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നു. സത്യത്തില്‍ ട്രേഡ്‌ യൂണിയനുകളില്‍ ശരിയായ നേതാക്കളല്ല ഉള്ളത്‌. മറിച്ച്‌ തൊഴിലാളികളുടെ പ്രതിനിധികളാണ്‌. ചില കമ്പനികളില്‍ ഇത്തരം നേതാക്കള്‍ അഥവ പ്രതിനിധികള്‍ അവിടുത്തെ ജോലിക്കാര്‍ പോലുമായിരിക്കില്ല. മാനേജ്‌മെന്റുമായി തൊഴിലാളികളുടെ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അവരെ പ്രതിനിധീകരിച്ച്‌ നേതാവ്‌ വരുന്നു എന്നു മാത്രം. ഇത്തരക്കാരൊന്നും നേതാക്കളേ അല്ല. ഒരു യഥാര്‍ത്ഥ നേതാവ്‌ അണികള്‍ക്ക്‌ സ്വന്തം പ്രവര്‍ത്തികൊണ്ട്‌ മാതൃകയാകേണ്ടയാളാണ്‌. മറ്റുള്ളവരെ പലതും ചെയ്യാന്‍ പ്രേരിപ്പിക്കും മുമ്പ്‌ ഒരു യഥാര്‍ത്ഥ നേതാവ്‌ അതെല്ലാം സ്വയം ചെയ്‌തു കാണിക്കും.
അവകാശങ്ങളെക്കുറിച്ച്‌ മാത്രം ബോധം
കേരളത്തില്‍ ജോലിക്കാരെ ഫലപ്രദമായി നയിക്കുന്ന കാര്യത്തിലുള്ള ഒരു പ്രധാന പ്രശ്‌നം ഇവിടെ എല്ലാവരും അവരവരുടെ ഉത്തരവാദിത്തങ്ങളേക്കാള്‍ അവകാശങ്ങളെക്കുറിച്ചാണ്‌ ഏറെ ബോധവാന്മാരെന്നതാണ്‌. കേരളത്തിന്റെയും ഇവിടുത്തെ ബിസിനസിന്റെയും വളര്‍ച്ച മുരടിക്കുന്നതിന്റെ ഒരു പ്രധാന കാരണവും ഇതുതന്നെ. ലോകത്തെ മറ്റേതു തൊഴിലാളികളേക്കാളും അവകാശങ്ങളെക്കുറിച്ച്‌ ബോധവാന്മാരായ തൊഴില്‍ സേനയാണ്‌ കേരളത്തിലേത്‌ എന്ന്‌ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ്‌ യൂണിയന്‍ നേതാക്കളും ഊറ്റം കൊള്ളുന്നു. എന്നാല്‍ പാര്‍ട്ടികളും യൂണിയനുകളും തൊഴിലാളികളെ കടമകളും ഉത്തരവാദിത്തങ്ങളും ബോധ്യമാക്കിക്കൊടുക്കുന്നതില്‍ പരാജയപ്പെടുന്നു. തൊഴിലാളികള്‍ യൂണിയനില്‍ ചേരുന്നതുതന്നെ പണിയെടുക്കാത്തവര്‍ക്കെതിരെ മാനേജ്‌മെന്റ്‌ എടുക്കുന്ന നടപടികളില്‍ നിന്ന്‌ രക്ഷ നേടാന്‍ വേണ്ടിയാണെന്ന്‌ എനിക്ക്‌ തോന്നുന്നു. ലോകം മുഴുവന്‍ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്‌. ഒരിടത്തും ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ല. ലോകത്തെ ഏറ്റവും ബുദ്ധിയും കാര്യക്ഷമതയുമുള്ള ജനത മലയാളികളാണെന്ന്‌ നമ്മള്‍ എപ്പോഴും പറയും. പക്ഷേ കേരളത്തിനു വെളിയില്‍ പോയാലേ നാമത്‌ പുറത്തെടുക്കൂ. കേരളത്തിലെ കാലാവസ്ഥ മോശമായതുകൊണ്ടൊന്നുമല്ല അത്‌. ഗള്‍ഫിലെ മരൂഭൂമിയിലും ഉത്തരേന്ത്യയിലെ കൊടും തണുപ്പിലും മികവ്‌ തെളിയിച്ചവരാണ്‌ മലയാളികള്‍. എന്നിട്ടും ഇവിടെ അവര്‍ കഴിവൊന്നും പുറത്തെടുക്കാത്തതിന്‌ കാരണം ഇവിടെ അവര്‍ക്ക്‌ കൂടുതല്‍ ബോധ്യം അവകാശങ്ങളെക്കുറിച്ചാണ്‌ ചുമതലകളെക്കുറിച്ചല്ല എന്നതാണ്‌. ചുമതലകള്‍ ഭംഗിയായി നിറവേറ്റിയാല്‍ മാത്രമേ അവകാശങ്ങള്‍ക്ക്‌ പ്രസക്തിയുള്ളൂ എന്നത്‌ എന്ന്‌ അവര്‍ മനസിലാക്കുന്നുവോ അന്ന്‌ കേരളത്തിന്റെ ഉല്‍പ്പാദന ക്ഷമത യുടെ കാര്യത്തില്‍ വിസ്‌ഫോടനം തന്നെ നടക്കും. എന്നാല്‍ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം ഇക്കാര്യം മനസിലാക്കിയാല്‍ മാത്രമേ എന്തെങ്കിലും മാറ്റം ഉണ്ടാകൂ.
ചുമതലകള്‍ നിറവേറ്റുക
പണിമുടക്കുകളും ഹര്‍ത്താലുകളുമെല്ലാം ഏതെങ്കിലും തരത്തിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്‌. തന്റെ ചുമതലകള്‍ മറന്നുകൊണ്ട്‌ ഒരു ഡോക്‌റ്റര്‍ക്ക്‌ എങ്ങനെ പണിമുടക്കാന്‍ കഴിയും? ഇടപാടുകാര്‍ക്ക്‌ ആവശ്യത്തിന്‌ പണം നല്‍കാതെ എങ്ങനെ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി പണിമുടക്കാന്‍ ~ഒരു ബാങ്ക്‌ ഉദ്യോഗസ്ഥന്‌ കഴിയും. അവകാശങ്ങള്‍ക്കുവേണ്ടി ആരും പണിമുടക്കരുത്‌ എന്നല്ല ഞാന്‍ പറയുന്നത്‌. പക്ഷേ ചുമതലകള്‍ നിറവേറ്റിയതിനു ശേഷമേ അങ്ങനെ ചെയ്യാവൂ.
അതുകൊണ്ട്‌ ഒരു നേതാവിന്‌ ഉണ്ടാകേണ്ട ആദ്യത്തെ ഗുണം ചുമതലകളെക്കുറിച്ച്‌ പൂര്‍ണമായും ബോധമുണ്ടാകുക എന്നതാണ്‌. അത്‌ നിറവേറ്റിക്കഴിഞ്ഞാല്‍ മാത്രമേ അവകാശങ്ങള്‍ക്ക്‌ അര്‍ഹതയുള്ളൂ എന്ന്‌ മനസിലാക്കുക. ഒരോ മാനേജരും സ്വയം ഇങ്ങനെ ചോദിക്കുക: ഒരു മാനേജര്‍ എന്ന നിലയില്‍ എന്തൊക്കെയാണ്‌ എന്റെ ചുമതലകള്‍? അത്‌ ഞാന്‍ ഭംഗിയായി നിറവേറ്റുന്നുണ്ടോ?ഉണ്ടെങ്കില്‍ അതിനുള്ള ആനുകൂല്യങ്ങള്‍ മാനേജ്‌മെന്റ്‌ എനിക്ക്‌ നല്‍കുന്നുണ്ടോ? നിങ്ങളുടെ ചിന്താ പ്രക്രിയ ഈ രീതിയില്‍ ആക്കുക. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക്‌ മറ്റുള്ളവരുടെ ചിന്താരീതികളെ ഇങ്ങനെ ആക്കാന്‍ കഴിയൂ.
മാനേജ്‌മെന്റും നേതൃത്വവും തമ്മില്‍ ചില പ്രധാന വ്യത്യാസങ്ങളുണ്ട്‌. മാനേജ്‌മെന്റ്‌ എന്നാല്‍ മറ്റുള്ളവരെക്കൊണ്ട്‌ കാര്യങ്ങള്‍ ചെയ്യിക്കുക എന്നാണ്‌. നേതൃത്വം എന്നാല്‍ സ്വയം ചെയ്‌ത്‌ മാതൃക കാട്ടി മറ്റുള്ളവരൈ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ്‌. സ്വയം പഠിച്ചുകൊണ്ട്‌ മറ്റുള്ളവരെ പഠിപ്പിക്കുക എന്നതാണ്‌ ലീഡര്‍ഷിപ്പിന്റെ രീതി. ഇന്നത്തെ കാലത്ത്‌ സമയം ആണ്‌ വിജയത്തിന്റെ നിര്‍ണായക ഘടകം. അതേപോലെ നിര്‍ണായകമായ ഒന്നാണ്‌ നേതൃത്വശേഷി എന്നതും. നയിക്കുക, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കായി വഴിമാറിക്കൊടുക്കുക.
ശരിയായി നയിക്കൂ, കൂടെ നിര്‍ത്തൂ
സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ ഫലപ്രദമായി നയിക്കാനുള്ള എളുപ്പവഴികളെക്കുറിച്ചാണ്‌ തുടര്‍ന്നുള്ള ലക്കങ്ങളില്‍ നമ്മള്‍ ചര്‍ച്ച ചെയ്യുക. 820 കോടി ഡോളര്‍ വിറ്റുവരവുള്ള ആംവെ കോര്‍പ്പറേഷനുമായി ചേര്‍ന്ന്‌ ഒരു ബിസിനസ്‌ നടത്തുന്ന ആളാണ്‌ ഞാന്‍. നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയില്‍ ലീഡര്‍ഷിപ്പ്‌ സ്ഥാനത്തായിരുന്നു ഞാന്‍. എന്നാല്‍ ആംവെയ്‌ക്ക്‌ വേണ്ടി വിപുലമായ ഒരു വിതരണശൃംഖല സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്‌ത അനുഭവ സമ്പത്ത്‌ ലീഡര്‍ഷിപ്പിനെക്കുറിച്ചുള്ള എന്റെ സങ്കല്‍പ്പത്തെത്തന്നെ മാറ്റി മറിച്ചു. എന്റെ ബിസിനസ്‌ റിസോര്‍ട്ട്‌, ഹോട്ടല്‍, മെന്ററിംഗ്‌ തുടങ്ങിയ മേഖലകളിലേക്ക്‌ ഞാന്‍ വളര്‍ത്തി വലുതാക്കി. ആംവെ ബിസിനസില്‍ നിന്ന്‌ പഠിച്ച ലീഡര്‍ഷിപ്പ്‌ പാഠങ്ങളാണ്‌ ഞാന്‍ ഈ സ്ഥാപനങ്ങളിലെല്ലാം പ്രയോഗിച്ചത്‌. അതെല്ലാം വിജയകരമായിത്തീരുകയും ചെയ്‌തു. കേരളത്തില്‍ ബിസിനസ്‌ ചെയ്യുക ദുഷ്‌കരമാണെന്ന്‌ പറഞ്ഞ്‌ കേള്‍ക്കുമ്പോള്‍ എനിക്ക്‌ വിശ്വസിക്കാന്‍ കഴിയാറില്ല. കാരണം എന്റെ അനുഭവം മറിച്ചാണ്‌. കേരളത്തിലെ തൊഴിലാളികളെയും ജീവനക്കാരെയും ശരിയായി നയിക്കുകയും അവരുടെ അവകാശങ്ങള്‍ എന്താണ്‌ എന്ന്‌ വ്യക്തമാക്കിക്കൊടുക്കുകയും ചുമതലകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമേ ആ അവകാശങ്ങള്‍ക്ക്‌ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ എന്ന്‌ മനസിലാക്കിക്കൊടുക്കുകയും ചെയ്‌താല്‍ അവരില്‍ നിന്ന്‌ മികച്ച സഹകരണം തന്നെ ലഭിക്കും