ന്യൂഡല്‍ഹി: ബ്ലാക്‌ബെറി ഫോണ്‍ നിര്‍മാണ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷനുമായി വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ രാജ്യത്ത് ബ്ലാക്‌ബെറി സേവനങ്ങള്‍ താത്ക്കാലികമായി നിരോധിച്ചേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബ്ലാക്‌ബെറിയിലെ മെസഞ്ചര്‍ സേവനങ്ങളും ഇ-മെയില്‍ സര്‍വീസും സുരക്ഷാവീഴ്ചയക്ക് കാരണമാകുമെന്ന് സര്‍ക്കാര്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ബ്ലാക്‌ബെറിയിലൂടെ കൈമാറുന്ന എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ സര്‍ക്കാരുമായി പങ്കുവെയ്ക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ചത്തെ ചര്‍ച്ചയില്‍ നിശ്ചയിച്ചേക്കുമെന്ന് ആഭ്യന്തര സുരക്ഷാ മേധാവി യു.കെ.ബന്‍സാല്‍ പറഞ്ഞു.
സന്ദേശങ്ങള്‍ കൈമാറുന്ന സര്‍വറുകളിലേക്ക് സര്‍ക്കാരിന് പ്രവേശനമില്ലാത്ത സാഹചര്യം തീവ്രവാദികളടക്കമുള്ള സാമൂഹ്യ വിരുദ്ധര്‍ ഉപയോഗിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്.
നിരവധി രാജ്യങ്ങള്‍ ഇതേ പ്രശ്‌നം ഉന്നയിച്ച് ബ്ലാക്‌ബെറി നിരോധിക്കുകയും ചെയ്തു. എന്നാല്‍, ഇത് ഇന്റര്‍നെറ്റ് സംവിധാനത്തെ സംബന്ധിച്ചുളള അജ്ഞതമൂലമാണെന്ന നിലപാടിലാണ് റിസര്‍ച്ച് ഇന്‍ മോഷന്‍ കമ്പനി സ്വീകരിച്ചത്. പ്രതിസന്ധിയിലായ കമ്പനിയക്ക് മാതൃരാജ്യമായ കാനഡ സമ്പൂര്‍ണ പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, സൗദി അറേബ്യ ബ്ലാക്‌ബെറി നിരോധനം നീക്കി. എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ സൗദി സര്‍ക്കാരുമായി പങ്കുവെയ്ക്കാന്‍ റിസര്‍ച്ച് ഇന്‍ മോഷന്‍ തയ്യാറായതിനെത്തുടര്‍ന്നാണ് ഇതെന്ന് കരുതുന്നു.