ഓഹരി വിപണി 18,000 ലെവലില്‍ തത്തിക്കളിക്കുകയാണ്. കാര്യമായി കയറുന്നുമില്ല. കാര്യമായി ഇറങ്ങുന്നുമില്ല. എന്നാല്‍ നിക്ഷേപകര്‍ക്ക് വിപണിയില്‍ നിന്ന് മാറി നില്‍ക്കാന്‍ പറ്റിയ സാഹചര്യമല്ല ഇത്. സാമ്പത്തിക വളര്‍ച്ച, കമ്പനികളുടെ മികച്ച പ്രകടനം, അന്താരാഷ്ട്ര നിക്ഷേപകര്‍ ഇന്ത്യയില്‍ നടത്തുന്ന നിക്ഷേപം എന്നിവയൊക്കെ തന്നെ കാരണം. ഇതിനൊക്കെയപ്പുറം, സ്ഥിരതയാര്‍ന്ന സര്‍ക്കാരും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.
കടമെടുത്ത് നിക്ഷേപിക്കരുത്
വിപണി കാര്യമായ മുന്നേറാത്ത അവസരത്തില്‍ കടമെടുത്തുള്ള നിക്ഷേപം നിര്‍ബന്ധമായും ഒഴിവാക്കണം. മറ്റാവശ്യങ്ങളൊക്കെ കഴിഞ്ഞ് ബാക്കിയുള്ള പണം മാത്രം നിക്ഷേപിക്കുക.
മികച്ച ഓഹരികളില്‍ നിക്ഷേപം
വില കുറവാണെന്ന് കരുതി മാത്രം ഒരു ഓഹരിയും വാങ്ങരുത്. വളര്‍ച്ചാസാധ്യതയുള്ള മികച്ച ഓഹരികള്‍ കണ്ടെത്തി അവയില്‍ നിക്ഷേപിക്കാന്‍ ശ്രദ്ധിക്കണം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഓഹരി വിലയില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാവുക സ്വഭാവികമാണ്. എന്നാല്‍ താഴ്ന്ന നിലയിലും സ്ഥിരതയാര്‍ന്ന വിപണനം കാഴ്ചവെയ്ക്കുന്ന ഓഹരികളാണ് ദീര്‍ഘകാലയളവില്‍ ലാഭം ഉണ്ടാക്കാന്‍ സഹായിക്കുക. ഓഹരി വില താഴ്ന്ന അവസരങ്ങളില്‍ നിക്ഷേപിക്കുന്നതാണ് മികച്ച നേട്ടം കൈവരിക്കാന്‍ സഹായകമെന്നതും പ്രധാനമാണ്.
ആസ്തി നീക്കിവെയ്ക്കല്‍
അപ്രധാനമെന്ന് തോന്നാമെങ്കിലും ഏതൊരു നിക്ഷേപകനും ആസ്തി നീക്കിവെയ്ക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. വിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍ എന്തായിരുന്നാലും നിക്ഷേപത്തിന് തന്ത്രപരമായ പരിധി നിശ്ചയിക്കുന്നത് നഷ്ടമുണ്ടാവാതിരിക്കാന്‍ സഹായിക്കും.
ലാഭവീതം
കമ്പനിയുടെ ആദായത്തില്‍ നിന്ന് നിക്ഷേപകന് കിട്ടുന്ന വിഹിതമാണ് ലാഭ വീതം. ഓരോ കമ്പനിയും പ്രഖ്യാപിക്കുന്ന ലാഭവീതം ആ കമ്പനിയുടെ പ്രവര്‍ത്തനഫലമായി തന്നെ കണക്കാക്കാം. ലാഭ വീതത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള കമ്പനികളെ പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ക്കുന്നതിലൂടെ വിപണിയിലെ താഴ്ചയിലും നഷ്ടമുണ്ടാവാതെ മുന്നോട്ട് പോകാന്‍ സഹായിക്കും. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരും ശ്രദ്ധിക്കേണ്ട കാര്യമാണ് ലാഭവീതം. ലാഭവീതം ഉയരുന്നതനുസരിച്ച്, കിട്ടുന്ന ലാഭവും കൂടുമെന്നര്‍ഥം.
പ്രൈസ് ഏണിങ് (പി.ഇ.) അനുപാതവും പ്രൈസ് ബുക്കിങ് അനുപാതവും
ഈ അനുപാതങ്ങളുടെ അടിസ്ഥാനത്തിലാണ് അനലിസ്റ്റുകള്‍ ഓഹരികള്‍ക്ക് മൂല്യം കണക്കാക്കുന്നത്. അനുപാതം കുറയുന്നതിനനുസരിച്ച് ആ ഓഹരി കൂടുതല്‍ ആകര്‍ഷകമാകുന്നു. കമ്പനിയുടെ നിലവിലെ വിപണി വിലയെ പ്രതി ഓഹരി വരുമാനവുമായി (ഇപിഎസ്) ഹരിക്കുമ്പോള്‍ കിട്ടുന്ന സംഖ്യയാണ് പി.ഇ.അനുപാതം.
അമിതവിശ്വാസം അപകടം
ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായി വളരുമെന്ന പ്രതീക്ഷയില്‍ കണ്ണുംപൂട്ടി നിക്ഷേപിക്കുന്നത് അപകടമുണ്ടാക്കിയേക്കും. അതിനാല്‍ എപ്പോഴും വിപണിയില്‍ ഒരു ഇടിവുണ്ടാകുമെന്ന കരുതലോടെ വേണം നിക്ഷേപിക്കാന്‍. എന്നാല്‍, കൈയിലുള്ള ഓഹരികളൊക്കെ വിറ്റ് പണമാക്കി വിപണി ഇടിയുന്നതും കാത്തിരിക്കുന്നത് മണ്ടത്തരമായിരിക്കും.
Market Watch
Wednesday, August 25, 2010
ഓഹരി നിക്ഷേപം ഇപ്പോഴത്തെ സാഹചര്യത്തില്‍
6:42 PM
Sebin Santhosh