Market Watch

Wednesday, August 25, 2010

സ്കൂട്ടേഴ്സ്‌ ഇന്ത്യയുടെ ഓഹരി വില്‍പ്പനയ്ക്ക്

പൊതുമേഖലാ സ്ഥാപനമായ സ്കൂട്ടേഴ്സ്‌ ഇന്ത്യയുടെ ഓഹരി വില്‍ക്കുന്നു. ഓഹരി വാങ്ങാനായി മഹീന്ദ്രയും അതുല്‍ ഓട്ടോ ലിമിറ്റഡും രംഗത്തെത്തിയിട്ടുണ്ട്. സ്കൂട്ടേഴ്സ്‌ ഇന്ത്യയുടെ 74 ശതമാനം ഓഹരി വില്‍ക്കാനാണ്‌ കേന്ദ്രം പദ്ധതിയിടുന്നത്. നിലവില്‍ കമ്പനിയുടെ 95 ശതമാനം ഓഹരിയുടെ ഉടമ സര്‍ക്കാരാണ്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 22 കോടിയിലേറെ നഷ്ടത്തിലായിരുന്നു.

വിജയ്‌ സൂപ്പര്‍, ലാംബ്രട്ട എന്നീ ബ്രാന്‍ഡുകളില്‍ കാലങ്ങളായി സ്കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കിയ കമ്പനിയാണ്‌ സ്കൂട്ടേഴ്സ്‌ ഇന്ത്യ. 1997 ല്‍ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ ഉത്പാദനം നിലച്ചു. മഹീന്ദ്രയുടെ അവരുടെ മുച്ചക്ര വാഹന വിപണി സജീവമാക്കുക എന്ന ലക്‍ഷ്യത്തോടെയാണ്‌ സ്കൂട്ടേഴ്സ്‌ ഇന്ത്യയെ നോട്ടമിടുന്നത്‌.

കഴിഞ്ഞവര്‍ഷം ജിയോ എന്ന പേരില്‍ പുതിയ മുച്ചക്ര വാണിജ്യ വാഹനം വിപണിയിലിറക്കിയ മഹീന്ദ്ര വിപണി പങ്കാളിത്തം 11 ശതമാനമാണ്. അതേസമയം, സ്കൂട്ടേഴ്സ്‌ ഇന്ത്യയെ ഏറ്റെടുക്കുകയാണെങ്കില്‍ കമ്പനിയുടെ ശേഷി വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ്‌ അതുല്‍ ഇന്ത്യ. പ്രതിവര്‍ഷം 12000 വാഹനങ്ങള്‍ നിര്‍മിക്കാന്‍ സ്കൂട്ടേഴ്സിനു ശേഷിയുണ്ട്‌.