Market Watch

Monday, July 4, 2011

ആദ്യവര്‍ഷത്തെ വെല്ലുവിളികളെ നേരിടാം, ധൈര്യത്തോടെ

70 ശതമാനം ബിസിനസുകള്‍ മാത്രമേ രണ്ടാം വര്‍ഷത്തിലേക്ക്‌ കടക്കുന്നുള്ളുവെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. ഇതില്‍ തന്നെ പകുതി മാത്രമേ അഞ്ചാം വര്‍ഷം പിന്നിടുന്നുള്ളു. ആദ്യവര്‍ഷത്തില്‍ നിങ്ങളുടെ സംരംഭത്തിന്‌ ശക്തമായ ഒരു അടിത്തറ ഇടേണ്ടതിന്റെ പ്രാധാന്യം ഇതില്‍ നിന്ന്‌ തന്നെ വ്യക്തമാണല്ലോ. ആദ്യ വര്‍ഷത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും അവയെ എങ്ങനെ തരണം ചെയ്യാമെന്നും മനസിലാക്കിയിരിക്കുന്നത്‌ അവയെ വരുതിയില്‍ നിര്‍ത്താന്‍ നിങ്ങളെ സഹായിക്കും. സംരംഭത്തിന്റെ ആദ്യവര്‍ഷത്തെ വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍:
1 ഫണ്ടിംഗിനുള്ള വൈവിധ്യമാര്‍ന്ന വഴികള്‍ കണ്ടെത്തുക
പുതിയ സംരംഭത്തിന്‌ വായ്‌പ ലഭിക്കുക അത്ര എളുപ്പമല്ലാത്തതിനാല്‍ ബാങ്കിന്‌ പുറമേ ഫണ്ടിംഗ്‌ ലഭിക്കുന്ന മാര്‍ഗങ്ങള്‍ തേടാം. സാധ്യമായ എല്ലാ വഴികളെയും ആശ്രയിക്കാം. ബില്‍ ഗേറ്റ്‌സ്‌ മൈക്രോസോഫ്‌റ്റ്‌ ആരംഭിക്കാന്‍ വായ്‌പ വാ
ങ്ങിയത്‌ തന്റെ ഏഴ്‌ അയല്‍ക്കാരില്‍ നിന്നാണ്‌.
2 സഹായം തേടാം
ബിസിനസ്‌ വിജയിപ്പിക്കാന്‍ നിങ്ങളെ സഹായിക്കാന്‍ നിരവധി ഏജന്‍സികള്‍ ഉണ്ട്‌. പുതിയ സംരംഭങ്ങളെ പ്രത്യേകിച്ച്‌ ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കാനുള്ള സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളുടെ സഹായം തേടാം.
3 നിങ്ങളുടെ മാത്രം പ്രത്യേകത കണ്ടെത്തുക
എന്താണ്‌ എതിരാളികളില്‍ നിന്ന്‌ നിങ്ങളെ വേര്‍തിരിച്ചു നിര്‍ത്തുന്ന പ്രത്യേകതയെന്ന്‌ കണ്ടെത്തുക. അതിനു പറ്റുന്ന ഒരു മാര്‍ക്കറ്റിംഗ്‌ സ്‌ട്രാറ്റജിയാണ്‌ സ്വീകരിക്കേണ്ടത്‌.
4 ബിസിനസ്‌ പ്ലാനില്‍ ഉറച്ചു നില്‍ക്കുക
സംരംഭം വിജയിക്കാനാവശ്യമായ കാര്യങ്ങളാണ്‌ നിങ്ങള്‍ ചെയ്യുന്നതെന്ന്‌ ഉറപ്പുവരുത്തുക. ആദ്യകാലങ്ങളില്‍ നിങ്ങളുടെ പദ്ധതിയനുസരിച്ച്‌ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ മറ്റൊരു വഴി തേടുന്നതിനെ കുറിച്ച്‌ നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നിരുന്നാലും ഒരു ബിസിനസ്‌ പ്ലാന്‍ തയാറാക്കിയതിന്‌ ശേഷമാണ്‌ നിങ്ങള്‍ സംരംഭം തുടങ്ങിയത്‌. അതില്‍ ഉറച്ചു നില്‍ക്കുക.
5 നിങ്ങളുടെ സാന്നിധ്യം ലോകത്തെ അറിയിക്കുക
ഉപഭോക്താക്കള്‍ അറിഞ്ഞ്‌ വന്നുകൊള്ളും എന്ന ചിന്തിച്ച്‌ ബിസിനസ്‌ തുടങ്ങരുത്‌. തുടക്കത്തില്‍ തന്നെ ഒരു മാര്‍ക്കറ്റിംഗ്‌ ബജറ്റ്‌ നിശ്ചയിക്കുന്നതോടൊപ്പം വിപണിയില്‍ നിങ്ങളുടെ ഉല്‍പ്പന്നത്തെ/സേവനത്തെ എവിടെ, എങ്ങനെ പൊസിഷന്‍ ചെയ്യണമെന്ന്‌ തീരുമാനിക്കുക. അതിനുശേഷം നിങ്ങളുടെ ബിസിനസിനെപ്പറ്റി ലോകത്തെ അറിയിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ വിപണിയില്‍ മല്‍സരം രൂക്ഷമാണെന്ന്‌ പ്രത്യേകം ഓര്‍ക്കുക. പുതുമയാര്‍ന്നതും വ്യത്യസ്‌തവവുമായ മാര്‍ക്കറ്റിംഗ്‌, പ്രൊമോഷണല്‍ രീതികള്‍ സ്വീകരിക്കേണ്ടത്‌ വളരെ പ്രധാനമാണ്‌. ഇക്കാര്യത്തില്‍ വിദഗ്‌ധരായ കണ്‍സള്‍ട്ടന്റുമാരുടെ സേവനം തേടുന്നത്‌ നന്നായിരിക്കും.
6 നെഗോഷ്യേറ്റ്‌ ചെയ്യാന്‍ മടിക്കണ്ട
പുതിയ സംരംഭം ആരംഭിക്കുമ്പോള്‍ നിരവധി ചെലവുകളുണ്ടാകും. പലതിലും നിങ്ങള്‍ക്ക്‌ വിലപേശി ചെലവ്‌ കുറയ്‌ക്കാനുള്ള അവസരമുണ്ടാകാം. നിങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താനായി പരമ്പരാഗത രീതികളില്‍ നിന്ന്‌ മാറി ചിന്തിക്കാം. പണത്തിന്‌ പകരം നിങ്ങളുടെ സേവനം നല്‍കുന്ന ബാര്‍ട്ടര്‍ സംവിധാനം ഫലപ്രദമാകുമോ എന്ന്‌ ചിന്തിക്കാം.
7 വിദഗ്‌ധ സേവനം ഉറപ്പാക്കാം
ടാക്‌സ്‌ എക്കൗണ്ടന്റ്‌, കോര്‍പ്പറേറ്റ്‌ ലോയില്‍ നൈപുണ്യമുള്ള അഡ്വക്കേറ്റ്‌ തുടങ്ങിയ വിദഗ്‌ധരുടെ സേവനങ്ങള്‍ നിങ്ങളുടെ സംരംഭത്തിന്‌ ലഭ്യമാക്കുക. സംരംഭത്തിന്റെ മികച്ച ഭാവിക്കായുള്ള നിക്ഷേപമായി വേണം ഇതിനെ കാണാന്‍.
8 എത്രത്തോളം മൂല്യങ്ങള്‍ നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ഉണ്ടെന്ന്‌ സ്വയം മനസിലാക്കുക
ആദ്യകാലങ്ങളില്‍ സംരംഭത്തെ സംരക്ഷിക്കാന്‍ നിങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ വില കുറച്ച്‌ നല്‍കി ആളുകളെ ആകര്‍ഷിക്കാന്‍ തോന്നിയേക്കാം. പക്ഷെ നിങ്ങള്‍ നിങ്ങളെത്തന്നെ വിലകുറച്ച്‌ കാണിക്കരുത്‌. ഇത്‌ ഉപഭോക്താക്കള്‍ക്കിടയില്‍ നിങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ മൂല്യത്തെക്കുറിച്ച്‌ സംശയമുളവാക്കാന്‍ കാരണമാകും.

ബിസിനസിന്റെ ആദ്യവര്‍ഷത്തില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട്‌ അതിനെ മറികടക്കുന്നത്‌ നിങ്ങളുടെ മനസിലെ വലിയൊരു ഭാരം എടുത്തുമാറ്റുമെന്ന്‌ മാത്രമല്ല, അതു നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. ഇതുവഴി സംരംഭത്തിന്‌ വിജയത്തിന്റെ അടിത്തറ ഇടാനാകും.

നിങ്ങള്‍ ബിസിനസിനെ കുറിച്ച്‌ സ്വപ്‌നം കാണുന്ന ഘട്ടത്തില്‍ എല്ലാം വളരെ അല്‍ഭുതകരവും ആവേശകരവുമായി തോന്നാം. ഒരിക്കല്‍ ബിസിനസിലേക്ക്‌ ഇറങ്ങിക്കഴിഞ്ഞാല്‍ അതിന്റെ ആഴം നിങ്ങള്‍ക്ക്‌ മനസിലാകും. ബിസിനസ്‌ ആരംഭിക്കുമ്പോള്‍ തന്നെ വരാന്‍ സാധ്യതയുള്ള 10 വെല്ലുവിളികള്‍ നിങ്ങള്‍ ലിസ്റ്റ്‌ ചെയ്‌തിട്ടുണ്ടാകും. പക്ഷെ ബിസിനസ്‌ തുടങ്ങിക്കഴിഞ്ഞ്‌ നിങ്ങള്‍ ഒരിക്കലും വിചാരിക്കാത്ത മറ്റ്‌ 10 വെല്ലുവിളികളാകും നിങ്ങള്‍ക്ക്‌ ഉണ്ടാകുക. അതുകൊണ്ടാണ്‌ ബിസിനസിലെ ആദ്യവര്‍ഷം ഏറെ നിര്‍ണായകമാണെന്ന്‌ പറയുന്നത്‌. നിങ്ങളുടെ ക്ഷമ, സഹനശക്തി എന്നിവയൊക്കെ പരീക്ഷിക്കപ്പെട്ടേക്കാം. സംരംഭകനായി വളരണമെങ്കില്‍ വെല്ലുവിളികളെ നേരിട്ട്‌ മുന്നോട്ടുപോകുക എന്നത്‌ മാത്രമാണ്‌ മുന്നിലുള്ള ഏക പോം വഴി. ഓരോ വെല്ലുവിളിയും നിങ്ങളെ ശക്തനോ ദുര്‍ബലനോ ആക്കാം. എന്റെ അഭിപ്രായത്തില്‍ ആദ്യവര്‍ഷം നിങ്ങള്‍ എത്രമാത്രം വെല്ലുവിളികള്‍ നേരിടുന്നുവോ അത്രമാത്രം നിങ്ങള്‍ ശക്തനാകും.

വിജയിയായ സംരംഭകനും ഗ്രന്ഥകര്‍ത്താവും ലൈഫ്‌ കോച്ചുമാണ്‌ സജീവ്‌ നായര്‍. ഈ പംക്തിയില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ അയക്കേണ്ട
ഇ-മെയ്‌ല്‍ വിലാസം: sajeev@bramma.in, വെബ്‌സൈറ്റ്‌: www.sajeevnair.com

കടപ്പാട് : ധനം ബിസിനസ്‌ മാഗസിന്‍