വലിയ മുതല്‍മുടക്കോടെ, അതിലും വലിയ പ്രതീക്ഷകളോടെ തുടങ്ങുന്ന പല ബിസിനസുകളും പരാജയത്തിന്റെ കാണാക്കയത്തിലേക്ക് വീണുപോകാറുണ്ടെന്ന് നമുക്കറിയാം. കാറും കോളും നിറഞ്ഞ അവസ്ഥയില്‍ പുത്തന്‍ സംരംഭത്തെ എങ്ങനെ മുന്നോട്ടുനയിക്കണമെന്നതിന് ഒട്ടനവധി മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാണ്. പക്ഷെ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരിക്കലും രക്ഷപ്പെട്ട് പൊങ്ങിവരാനാകാത്ത വിധം ബിസിനസിനെ അഗാധ ഗര്‍ത്തത്തിലേക്ക് താഴ്‌ത്തിക്കളയുന്ന ചില നിര്‍ണായക ഘടകങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
1. തെറ്റായ കാരണങ്ങള്‍ക്കായി ബിസിനസ് തുടങ്ങുക
ഒരു ബിസിനസ് ആരംഭിക്കുക വഴി നിങ്ങള്‍ എന്താണ് നേടാന്‍ ഉദ്ദേശിക്കുന്നത്? പണമുണ്ടാക്കാന്‍ മാത്രമായാണോ നിങ്ങള്‍ ബിസിനസ് ആരംഭിച്ചത്? കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്നതാണോ നിങ്ങളുടെ തീരുമാനത്തിന് പിന്നില്‍? അതോ ബിസിനസായാല്‍ മറ്റൊരാളുടെ കീഴില്‍ നില്‍ക്കണ്ട എന്നതാണോ? ഇവയൊക്കെയാണ് നിങ്ങള്‍ ബിസിനസ് തുടങ്ങാനുള്ള കാരണമെങ്കില്‍ നിങ്ങളുടേത് ഒരു തെറ്റായ തീരുമാനമായിരുന്നു.
ഇതിനപ്പുറം താഴെപ്പറയുന്ന കാരണങ്ങളാലാണ് നിങ്ങള്‍ ബിസിനസ് തുടങ്ങുന്നതെങ്കില്‍ സംരംഭക വിജയത്തിനുള്ള സാധ്യതകളേറും. ചെയ്യുന്ന പ്രവൃത്തിയോട് നിങ്ങള്‍ക്ക് ഇഷ്‌ടവും അദമ്യമായ താല്‍പ്പര്യവും(പാഷന്‍) ഉണ്ട്. മാത്രമല്ല നിങ്ങളുടെ സേവനമോ ഉല്‍പ്പന്നമോ ഉപഭോക്താവിന്റെ യഥാര്‍ത്ഥ ആവശ്യം നിറവേറ്റുന്നതാണ് എന്ന് നിങ്ങള്‍ക്കുറപ്പുണ്ട്.
ബിസിനസിനെ മുന്നോട്ടുനയിക്കാനുള്ള അസാമാന്യമായ ഊര്‍ജം, ലക്ഷ്യബോധം, ക്ഷമ, പൊസീറ്റീവ് ആറ്റിറ്റിയൂഡ് എന്നിവ നിങ്ങള്‍ക്കുണ്ട്. മറ്റുള്ളവര്‍ പിന്നോട്ടുവലിക്കുമ്പോള്‍ കൂടുതല്‍ ശക്തിയോടെ മുന്നോട്ടുപോകാന്‍ നിങ്ങള്‍ക്കാകും.
പരാജയങ്ങള്‍ക്ക് നിങ്ങളെ തോല്‍പ്പിക്കാനാകില്ല. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുകയും അടുത്ത തവണ വിജയിക്കാന്‍ ഈ പാഠങ്ങളെ നിങ്ങള്‍ ഉപയോഗിക്കുകയും ചെയ്യും.
ആവശ്യസമയത്ത് ക്രിയാത്മകതയോടെയും ബുദ്ധിപൂര്‍വ്വമായും തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്കാകും. എല്ലാ തരത്തിലുള്ള ആളുകളുമായും നിങ്ങള്‍ക്ക് നന്നായി ഇടപഴകാന്‍ കഴിയും.
2. മാനേജ്‌മെന്റിലെ പിഴവ്
പുതുസംരംഭകര്‍ക്ക് പലപ്പോഴും ഫിനാന്‍സ്, പര്‍ച്ചേസിംഗ്, സെല്ലിംഗ്, പ്രൊഡക്ഷന്‍, ഹയറിംഗ് തുടങ്ങിയ മേഖലകളില്‍ ആവശ്യത്തിന് അനുഭവ സമ്പത്തോ വൈദഗ്‌ധ്യമോ ഉണ്ടാകില്ല. ഇത് സംരംഭകന്‍ എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞ് വിദഗ്‌ധ സഹായം നേടിയില്ലെങ്കില്‍ ആപത്ത് വിളിച്ചുവരുത്തുകയാകും.
ചെറിയ ചില അവഗണനകള്‍ മതി ബിസിനസിനെ നാശത്തിലേക്ക് നയിക്കാന്‍. നിരന്തരം പഠിക്കുകയും കാര്യങ്ങള്‍ കൃത്യമായ രീതിയില്‍ ഓര്‍ഗനൈസ് ചെയ്യുകയും ആസൂത്രണം ചെയ്യുകയും വേണം. മികച്ച സംരംഭകന്‍ എല്ലാവരുടെയും ഉല്‍പ്പാദനക്ഷമത പുറത്തുകൊണ്ടുവരാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്‌ടിക്കുന്ന ഒരു നല്ല നേതാവായിരിക്കും.
3. അപര്യാപ്‌തമായ മൂലധനം
പ്രവര്‍ത്തനത്തിന് ആവശ്യമായ മൂലധനമില്ലാത്ത അവസ്ഥ മിക്ക സംരംഭകരുടെയും പരാജയകാരണമാണ്. എത്രമാത്രം പണം ആവശ്യമായി വരുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ വിജയിക്കാന്‍ ചെറുസാധ്യത വരുമ്പോഴേക്കും നിങ്ങള്‍ക്ക് അടച്ചുപൂട്ടി പോകേണ്ടിവരും. ബിസിനസ് തുടങ്ങാന്‍ മാത്രമല്ല, പണം ആവശ്യമായി വരുന്നത്. പ്രവര്‍ത്തനം ആരംഭിക്കാനും ബിസിനസില്‍ നിലനില്‍ക്കാനും പണം വേണം. ബിസിനസ് ലാഭത്തിലേക്ക് എത്തുന്നതിന് ഒന്നോ രണ്ടോ വര്‍ഷം വേണ്ടിവരാറുണ്ട്. അത്രയും കാലത്തേക്കുള്ള ഫണ്ട് ഉറപ്പുവരുത്തണം.
4. ശരിയായ പ്ലാനിംഗ് ഇല്ലാത്തത്
എല്ലാ ബിസിനസിനും കൃത്യമായ ബിസിനസ് പ്ലാന്‍ ഉണ്ടാകണം. അതിന്റെ അഭാവം പല ചെറുകിട സംരംഭങ്ങളുടെയും ഭാവിയെ ബാധിക്കാറുണ്ട്. ബിസിനസ് പ്ലാന്‍ യാഥാര്‍ത്ഥ്യത്തിലൂന്നിയുള്ളതും കൃത്യമായതും ആകണം.
ബിസിനസ് പ്ലാനില്‍ താഴെപ്പറയുന്ന ഘടകങ്ങള്‍ ഉണ്ടാകണം.
l ബിസിനസിന്റെ വിശദവിവരങ്ങള്‍, വിഷന്‍, ഗോള്‍ തുടങ്ങിയവ
l ആവശ്യമായ ജീവനക്കാര്‍
l പ്രതീക്ഷിക്കാവുന്ന പ്രശ്‌നങ്ങളും അവയെ എങ്ങനെ നേരിടാമെന്നും
l ഫിനാന്‍ഷ്യല്‍ ഡാറ്റ
l വിപണിയിലെ മല്‍സരം വിലയിരുത്തുക
l കമ്പനിയുടെ വളര്‍ച്ച മാനേജ് ചെയ്യുക
5. അമിതമായ വിപുലീകരണം
മന്ദഗതിയില്‍, സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് ആദ്യകാലഘട്ടങ്ങളില്‍ അഭികാമ്യം. ചെറിയ വിജയങ്ങളുണ്ടാകുമ്പോള്‍ വലിയ വിപുലീകരണം നടത്തിയാല്‍ തിരിച്ചടി കിട്ടാം.
ബിസിനസിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഊര്‍ജം, നിശ്ചയദാര്‍ഢ്യം, പൊസിറ്റീവായ മനസ് എന്നിവ ഉള്ള സംരംഭകര്‍ പ്രതിബന്ധങ്ങളെ പഠിക്കാനും വളരാനുമുള്ള അവസരമായിട്ടേ കാണൂ. സ്വയം വളര്‍ന്നുവലുതായ പല കോടീശ്വരന്മാര്‍ക്കും ശരാശരി ബുദ്ധിവൈഭവമേ ഉണ്ടാകൂ. അവരെ വിജയത്തിലെത്തിച്ചത് എന്തും പഠിക്കാനുള്ള തുറന്ന മനോഭാവമാണ്.
വിജയിയായ സംരംഭകനും ഗ്രന്ഥകര്‍ത്താവും ലൈഫ് കോച്ചുമാണ് സജീവ് നായര്‍. ഈ പംക്തിയില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ അയക്കേണ്ട ഇ-മെയ്‌ല്‍ വിലാസം: sajeev@bramma.in,
വെബ്‌സൈറ്റ്: www.sajeevnair.com