Market Watch

Monday, July 4, 2011

സ്‌മാര്‍ട്ട്‌ ഫോണ്‍ ഉണ്ടോ? ബിസിനസ്‌ ഇനി കൂടുതല്‍ സ്‌മാര്‍ട്ട്‌

വി.കെ ആദര്‍ശ്‌

സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോക്താക്കള്‍ക്ക്‌ അത്‌ ഫോണ്‍ വിളിക്കാനും മെസേജ്‌ അയക്കാനും മാത്രമുള്ള ഉപാധിയല്ല. ഭൂരിപക്ഷം ബിസിനസുകാര്‍ക്കും സ്‌മാര്‍ട്ട്‌ ഫോണ്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരുകൈ സഹായം തന്നെയാണ്‌. 5000 രൂപ മുതല്‍ ലഭിക്കുന്ന സ്‌മാര്‍ട്ട്‌ ഫോണുകള്‍ക്ക്‌ ബിസിനസ്‌ രംഗത്ത്‌ പ്രധാനമായും രണ്ട്‌ ഉപയോഗങ്ങളാണുള്ളത്‌. സ്വന്തം ബിസിനസിനെ എപ്പോഴും എവിടെ വെച്ചും നിയന്ത്രിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ ഉടനടി കൊടുക്കാനും ഉപകരിക്കും എന്നതാണ്‌ ഒന്നാമത്തെ ഉപയോഗം. വ്യത്യസ്‌തമായും ഫലപ്രദമായും മാര്‍ക്കറ്റിംഗ്‌ നടത്താമെന്നതാണ്‌ രണ്ടാമത്തെ പ്രയോജനം.

രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തങ്ങളുടെ തെരഞ്ഞെടുത്ത മാര്‍ക്കറ്റിംഗ്‌ ഉദ്യോഗസ്ഥര്‍ക്കായി 25 സാംസംഗ്‌ ഗാലക്‌സി ടാബ്‌ലറ്റുകള്‍ നല്‍കിക്കഴിഞ്ഞു. ഓരോ കടയിലും വിതരണക്കാരിലും കൊടുക്കുന്ന സാധനസാമഗ്രികളുടെ എണ്ണം, അളവ്‌ എന്നിവ അപ്പപ്പോള്‍ തന്നെ ടാബ്‌ വഴി അറിയുകയാണ്‌ ലക്ഷ്യം. സ്ഥാപനത്തിന്റെ മേല്‍ത്തട്ടിലുള്ളവര്‍ക്ക്‌ അപ്പപ്പോള്‍ താഴ്‌ന്ന തലത്തിലെ ചെറുചലനങ്ങള്‍ പോലും ഇതുപോലെ അറിയാനാകും. ജി.പി.എസ്‌ സംവിധാനത്തില്‍ ഉപഗ്രഹ സഹായത്തോടെയാണിത്‌ സാധിക്കുന്നത്‌. ചുരുക്കത്തില്‍ ഒരു മാര്‍ക്കറ്റിംഗ്‌ എക്‌സിക്യൂട്ടിവിന്‌ കൊല്ലത്ത്‌ നിന്നിട്ട്‌ താന്‍ ഇപ്പോള്‍ കൊയിലാണ്ടിയിലാണ്‌ എന്ന്‌ പറയാനാകില്ല. മറിച്ച്‌ മേലുദ്യോഗസ്ഥന്‌ വേണമെങ്കില്‍ `ഇപ്പോള്‍ താന്‍ നില്‍ക്കുന്നത്‌ കൊല്ലത്തെ ചിന്നക്കടയിലെ ..... കടയുടെ മുന്നിലല്ലേ. അവിടെ കഴിഞ്ഞ തവണ കൊടുത്ത ക്ലോസപ്പ്‌ പേസ്റ്റ്‌ ക്ലോസായോ' എന്ന്‌ ചോദിക്കാം.

Whats App എന്ന ആപ്ലിക്കേഷനിലൂടെ ഇന്റര്‍നെറ്റ്‌ കണക്‌ഷന്‍ ഉള്ള എല്ലാ ഫോണുകളും തമ്മില്‍ അധികച്ചെലവില്ലാതെ യഥേഷ്‌ടം മെസേജുകള്‍ അയക്കാം. സന്ദേശങ്ങള്‍ മാത്രമല്ല ചിത്രങ്ങള്‍, വീഡിയോ, ശബ്‌ദം എന്നിവയും അയക്കാം. ഫോണ്‍ ഉപയോഗിച്ച്‌ ഗ്രൂപ്പ്‌ ചാറ്റ്‌ പോലെ മാര്‍ക്കറ്റിംഗ്‌ ഉദ്യോഗസ്ഥരുമായി ഒറ്റ മെസേജ്‌ വഴി ചര്‍ച്ച നടത്താം. മെസേജ്‌ ലഭിക്കുന്നയാള്‍ അത്‌ വായിച്ചോ ഇല്ലയോ എന്നും അറിയാനാകും. ഇപ്പോള്‍ ഉപയോഗിക്കുന്ന സിമ്മോ നമ്പറോ മാറിയാലും പ്രശ്‌നമില്ല. ഇത്‌ ഇന്റര്‍നെറ്റ്‌ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സേവനം ആണെന്നതാണ്‌ കാരണം.

Four Square എന്ന ആപ്ലിക്കേഷന്‍ വഴി ഇപ്പോള്‍ ഒരു പ്രത്യേക സ്ഥലത്ത്‌ എത്ര പേര്‍ ഉണ്ടെന്ന്‌ അറിയാം.

ഒരു ജില്ലയില്‍ എത്രപേര്‍ ഇപ്പോള്‍ എവിടെയൊക്കെ നിന്ന്‌ പണിയെടുക്കുന്നു (അവരറിയാതെയും അറിഞ്ഞും) എന്നറിയുന്നത്‌ ചെറിയ കാര്യം അല്ലല്ലോ.

ട്വിറ്റര്‍ തന്നെ താരം
മാര്‍ക്കറ്റിംഗ്‌ രംഗത്ത്‌ സോഷ്യല്‍ മീഡിയ വിപ്ലവാത്മകമായ മാറ്റങ്ങളാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌. രാജ്യത്തെ മിക്ക മുന്‍
നിര സ്ഥാപനങ്ങളും തുടക്കക്കാരും ഒരുപോലെ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗില്‍ നിന്ന്‌ നേട്ടം കൊയ്യുന്നുണ്ട്‌.

ഓട്ടോമൊബീല്‍ രംഗത്തെ പ്രമുഖ സ്ഥാപനമായ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്രയുടെ മേധാവി ആനന്ദ്‌ മഹീന്ദ്രയെതന്നെ ഉദാഹരണമായെടുക്കാം. ഈ ലേഖനം തയാറാക്കുന്ന സമയത്ത്‌ 3,12,330 പേരാണ്‌ ആനന്ദ്‌ മഹീന്ദ്രയെ ട്വിറ്ററില്‍ പിന്തുടരുന്നത്‌. ഇതുവരെ 2485 കുറിപ്പുകള്‍ ഇദ്ദേഹം എഴുതിക്കഴിഞ്ഞു. മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോടുള്ള ഇഷ്‌ടം ചിലര്‍ അദ്ദേഹത്തിനോട്‌ പങ്കുവെക്കുമ്പോള്‍ മറ്റു ചിലര്‍ മഹീന്ദ്രയുടെ സര്‍വീസ്‌ പോരാ തുടങ്ങിയ പരാതികള്‍ അദ്ദേഹത്തോട്‌ നേരിട്ട്‌ പറയുന്നു. സര്‍വീസ്‌ പോരാ എന്നറിഞ്ഞ സ്ഥലത്തെ നിയന്ത്രണ ഉദ്യോഗസ്ഥന്‌ ഉടന്‍ തന്നെ തനിക്ക്‌ ട്വിറ്ററിലൂടെ ലഭിച്ച പരാതി ആനന്ദ്‌ കൈമാറുന്നുവെന്ന്‌ മാത്രമല്ല, അത്‌ ഇപ്പോള്‍ ശരിയായ നിലയില്‍ ആയോ എന്നും അന്വേഷിക്കുന്നു.

ഇത്‌ മഹീന്ദ്രയുടെ മാത്രം കാര്യമല്ല. അണ്ണാ ഹസാരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗിന്റെ ചിറകിലേറിയാണ്‌ രാജ്യത്തെ ഏറ്റവും വലിയ ആശയവിനിമയ സമരം നടത്തിയത്‌. എന്തുകൊണ്ട്‌ നിങ്ങള്‍ക്കും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ എന്ന അക്ഷയഖനി ഉപയോഗിച്ച്‌ ഉല്‍പ്പന്ന/സേവന മാര്‍ക്കറ്റിംഗ്‌ നടത്തിക്കൂടാ? ഇതിനായി പ്രത്യേകിച്ച്‌ ഒരു ഉപകരണവും വാങ്ങേണ്ടതില്ല. നിലവിലുള്ള സ്‌മാര്‍ട്ട്‌ ഫോണ്‍ തന്നെ ധാരാളം. യാത്രക്കിടയിലോ എവിടെയെങ്കിലും കാത്തിരുന്ന്‌ പാഴാക്കേണ്ടി വരുന്ന സമയമോ ഒക്കെ സ്‌മാര്‍ട്ട്‌ ഫോണിനെ ഉചിതമായി പ്രയോജനപ്പെടുത്തി നേട്ടം കൊയ്യാന്‍ ഉപയോഗിക്കാം. ഡെല്‍ കംപ്യൂട്ടേഴ്‌സും ജനറല്‍ മോട്ടോഴ്‌സും എത്രയെത്ര ഓര്‍ഡറുകളാണ്‌ സോഷ്യല്‍ മീഡിയ വഴി ദിവസവും നടത്തുന്നത്‌.

ഇത്രയും നേരം സംസാരിച്ചത്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗിക്കുന്നവരുടെ അല്ലെങ്കില്‍ വലിയ കമ്പനികളുടെ കാര്യങ്ങള്‍ ആണ്‌. എന്നാല്‍ ഈ ചെറിയ കഥ കൂടി കേള്‍ക്കൂ. വാരാണസിയിലെ ദേവേശ്‌ മിശ്ര എന്ന ടാക്‌സിക്കാരന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ അതുവരെ ഉപയോഗിച്ചിരുന്നില്ല. ഇന്റര്‍നെറ്റ്‌ എന്നതിനെപ്പറ്റി കേട്ടിട്ടുണ്ട്‌ എന്നല്ലാതെ വ്യക്തമായി ഒന്നും അറിയില്ല. ആകെ ഉള്ള കൈമുതല്‍ അധ്വാനിക്കാനുള്ള മനസും വിവിധ ടൂറിസ്റ്റ്‌ സ്ഥലങ്ങളെ പറ്റിയുള്ള കൃത്യമായും വ്യക്തമായതുമായ വിവരങ്ങളുമാണ്‌. ഒരു നാള്‍ സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുള്ള Kurt Hausermann എന്നയാള്‍ മകളോടൊപ്പം വാരണാസി കാണാനെത്തി. അവിചാരിതമായി ഇവര്‍ ദേവേശ്‌ മിശ്രയുടെ സേവനം തേടി. ഇദ്ദേഹത്തിന്‌ മിശ്രയെ കാര്യമായി ബോധിച്ചു. സാധാരണയായി നല്ല സേവനത്തിന്‌ സമ്മാനമായി കൂടുതല്‍ പണമോ നന്ദിയോ ഒക്കെയാകും നല്‍കുന്നത്‌. ഈ വിദേശി ആകട്ടെ മിശ്രയുടെ ഒരു രണ്ട്‌ മിനിറ്റ്‌ വീഡിയോ എടുത്ത്‌ യൂട്യൂബ്‌ എന്ന വീഡിയോ പങ്കിടാനുള്ള സൈറ്റില്‍ ഇട്ട്‌ നന്ദി കാട്ടി. കാര്യങ്ങള്‍ പെട്ടെന്നാണ്‌ മാറിയത്‌, ദേവേശ്‌ മിശ്ര എന്ന ടാക്‌സിക്കാരന്റെ ജീവിതവും. വാരാണസി എന്ന്‌ വീഡിയോ തെരയുന്ന യാത്രികര്‍ക്ക്‌ ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന ആദ്യ ലിങ്കുകളില്‍ ഒന്ന്‌ ഇദ്ദേഹത്തിന്റെ വീഡിയോ ആണ്‌. ഇപ്പോള്‍ മിശ്രയ്‌ക്ക്‌ ലോകമെമ്പാടുനിന്നും തന്നെ തേടിയെത്തുന്നവരുടെ തിരക്കാണ്‌. കൂടാതെ മിശ്ര തന്നെ ദിവസവും ഇ-മെയ്‌ല്‍ പരിശോധിക്കുന്നു, വീഡിയോ എടുത്ത്‌ സ്വയം യൂട്യൂബില്‍ ചേര്‍ക്കുകയും ചെയ്യുന്നു.

അതെ, ഇന്റര്‍നെറ്റ്‌ നിങ്ങളെ തന്നെ മാറ്റിമറിച്ചേക്കാം. വൈകിയിട്ടില്ല, കേരളത്തിലെ സ്ഥാപനങ്ങള്‍ക്കും ബിസിനസ്‌ വ്യക്തിത്വങ്ങള്‍ക്കും ഇന്റര്‍നെറ്റില്‍ ഒരിടം സൃഷ്‌ടിക്കാന്‍ സമയമായി. ഇപ്പോള്‍ തുടങ്ങാം, ഇവിടെ തുടങ്ങാം.

(ലേഖകന്‍ യൂണിയന്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യ എറണാകുളം മേഖലാ ഓഫീസില്‍ ടെക്‌നിക്കല്‍ മാനേജരാണ്‌. ട്വിറ്റര്‍/ ഫേസ്‌ബുക്ക്‌ @VKadarsh)