ഓരോ ബിസിനസിലും ഓരോ തരത്തിലുള്ള റിസ്‌കുകളാണ്. റിസ്‌ക് കൂടുമ്പോള്‍ ബിസിനസുകാരന്റെ ടെന്‍ഷനും വര്‍ധിക്കും. എന്നാല്‍ ടെന്‍ഷന്‍ഫ്രീയായി ബിസിനസ് ചെയ്യാനുള്ള ഒരു അവസ്ഥ വന്നാലോ. ഇത്തരമൊരു സാധ്യതയാണ് വിവിധ ഇന്‍ഷുറന്‍സ് പോളിസികള്‍ ബിസിനസുകാര്‍ക്ക് ഓഫര്‍ ചെയ്യുന്നത്. തങ്ങളുടെ ഉപഭോക്താക്കളായ ബിസിനസുകാരുടെ ആസ്‌തികള്‍ക്ക് പരിരക്ഷ നല്‍കാനായി പലപ്പോഴും ബാങ്കുകളാണ് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നത്. ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികളുമായി കോര്‍പ്പറേറ്റ് ഏജന്‍സി ബന്ധവും കാണും. പലപ്പോഴും ബാങ്കുകള്‍ അവര്‍ക്ക് ലഭിക്കേണ്ട തുകയ്‌ക്കുള്ള പോളിസിയായിരിക്കും എടുക്കുക. യഥാര്‍ത്ഥത്തില്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നത് ബാങ്കുകളുടെ താല്‍പ്പര്യമാണ്, നിങ്ങളുടെ ബിസിനസ് താല്‍പ്പര്യങ്ങളല്ല. ഇത്തരം പോളിസികള്‍ കൊണ്ട് ഒരു ബിസിനസിന് ആവശ്യമായത്ര ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാറില്ല. ഈയൊരു സാഹചര്യത്തില്‍ അപ്രതീക്ഷിതമായി ഒരു ദുരന്തം സംഭവിച്ചാല്‍ ഒരു പക്ഷെ സംരംഭകന്‍ കടക്കെണിയില്‍ അകപ്പെട്ടു എന്നുവരാം. ബിസിനസിലെ റിസ്‌കുകളെ ഇന്‍ഷുറന്‍സ് പോളിസി വഴി എങ്ങനെ തരണം ചെയ്യാം എന്ന് നോക്കാം. മിക്കവാറും ഇന്‍ഷുറന്‍സ് കമ്പനികള്‍ എല്ലാം തന്നെ ഓരോ ബിസിനസിനും അനുയോജ്യമായ പോളിസികള്‍ രൂപപ്പെടുത്തി നല്‍കാറുണ്ട്. ബിസിനസുകാര്‍ക്ക് ഏതൊക്കെ റിസ്‌കുകള്‍ക്കെതിരെ പരിരക്ഷ ലഭിക്കുമെന്നും എന്തിനൊക്കെ ഇന്‍ഷുറന്‍സ് പോളിസി വഴി സുരക്ഷ ഉറപ്പാക്കണമെന്നും മനസിലാക്കാം.
തീപിടുത്തവും അനുബന്ധ പ്രശ്‌നങ്ങളും
തീപിടുത്തത്തിനെതിരെയും മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ക്കെതിരെയും സുരക്ഷ ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വഴി സാധിക്കും. അനുബന്ധ പ്രശ്‌നങ്ങള്‍ എന്ന വിഭാഗത്തില്‍ ഇടിമിന്നല്‍, പൊട്ടിത്തെറി, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, സമരങ്ങള്‍, കലാപങ്ങള്‍, മണ്ണിടിച്ചില്‍, ഭൂകമ്പം, കാട്ടുതീ അല്ലാതെയുമുള്ള തീപിടുത്തം എന്നിവ മൂലമുള്ള നാശനഷ്‌ടങ്ങള്‍, അന്യവാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ എന്നിവ ഉള്‍പ്പെടും. സാധാരണ ഗതിയില്‍ ഇത്തരം റിസ്‌കുകള്‍ക്കെതിരെയാണ് പരിരക്ഷ ലഭിക്കുന്നതെങ്കിലും ബിസിനസിന്റെ സ്വഭാവം അനുസരിച്ച് ഇതില്‍ മാറ്റം വരുത്താനും സാധിക്കും, അത് എങ്ങനെയെന്ന് നോക്കാം.
സംരംഭം പുനര്‍സ്ഥാപിക്കാനുള്ള തുകയ്‌ക്ക് ഇന്‍ഷുര്‍ ചെയ്യുക: കെട്ടിടം, പ്ലാന്റ്, യന്ത്രസാമഗ്രികള്‍ എന്നിവയ്‌ക്ക് നഷ്‌ടം സംഭവിച്ചാല്‍ അവ പുതുതായി സ്ഥാപിക്കുന്നതിന് വേണ്ടി വരുന്ന തുകയ്‌ക്കാണ് ഇന്‍ഷുര്‍ ചെയ്യേണ്ടത്. അതായത് വിപണി വിലയേക്കാള്‍ അധികമുളള തുകയ്‌ക്ക് ഇന്‍ഷുര്‍ ചെയ്യുക. കൂടാതെ ഇത് പോളിസി രേഖകളില്‍ ചേര്‍ക്കുകയും വേണം.
ഡിക്ലറേഷന്‍ പോളിസി: ഓരോ മാസവും സ്ഥാപനത്തിലെ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയാണെന്ന് കരുതുക. സ്റ്റോക്കിന്റെ ശരാശരി മൂല്യം ഇന്‍ഷുറന്‍സ് തുകയില്‍ (സം അഷ്വേര്‍ഡ്) കുറവാണെങ്കില്‍ ബാക്കി തുകയ്‌ക്ക് അടച്ച പ്രീമിയം തിരിച്ച് കിട്ടാനുള്ള ഓപ്‌ഷനുണ്ട്. പോളിസി എടുക്കുമ്പോള്‍ ഇതുകൂടി പരിഗണിക്കാവുന്നതാണ്.
ഫ്‌ളോട്ടര്‍ പോളിസി: വിവിധ സ്ഥലങ്ങളിലെ സ്റ്റോക്കിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഓരോ സ്ഥലത്തേയും സ്റ്റോക്കുകള്‍ ഇന്‍ഷുര്‍ ചെയ്യുന്നതിന് പകരം എല്ലാം ഒരുമിച്ച് ഇന്‍ഷുര്‍ ചെയ്യാന്‍ കഴിയുന്ന ഫ്‌ളോട്ടര്‍ പോളിസികളെ ആശ്രയിക്കാവുന്നതാണ്. ഒറ്റയ്‌ക്ക് ഇന്‍ഷുര്‍ ചെയ്‌താല്‍ ഒരു പ്രത്യേക സ്ഥലത്ത് ക്ലെയിം ഉണ്ടായാല്‍ അതിന്റെ നഷ്‌ടം ഒരുപക്ഷെ ആ ഇന്‍ഷുറന്‍സ് തുക കൊണ്ട് നികത്താന്‍ സാധിച്ചില്ല എന്ന് വരാം.
ലാഭം നഷ്‌ടപ്പെടുന്നതിനെതിരെയും പരിരക്ഷ
സ്ഥാപനത്തില്‍ ഉണ്ടായ അത്യാഹിതം മൂലമുള്ള നഷ്‌ടം കണക്കാക്കുമ്പോള്‍ മിക്കവാറും പ്രത്യക്ഷത്തിലുള്ള നഷ്‌ടമാണ് കണക്കാക്കുക. എന്നാല്‍ സ്ഥാപനം പുനരുദ്ധരിക്കുന്ന സമയത്ത് നേരിടുന്ന ലാഭനഷ്‌ടത്തിനെതിരെയും ലോസ് ഓഫ് പ്രോഫിറ്റ് പോളിസിയിലൂടെ ബിസിനസുകാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനാകും. അറ്റാദായത്തിനൊപ്പം മറ്റ് ചാര്‍ജുകള്‍ കൂടി പരിഗണിച്ചാണ് ഇതിന്റെ തുക നിശ്ചയിക്കുക. മുന്‍ വര്‍ഷത്തെ ബാലന്‍സ് ഷീറ്റാണ് ഇതിനായി പരിഗണിക്കുക. ഫയര്‍ പോളിസിയുടെ അടിസ്ഥാന പ്രീമിയത്തിന്റെ 1.25 ഇരട്ടിയാണ് ലോസ് ഓഫ് പ്രോഫിറ്റ് പോളിസിയുടെ പ്രീമിയത്തിന് വരിക. സ്ഥാപനം പുനരുദ്ധരിക്കുന്നതിന് വേണ്ടി വരുന്ന ചെലവും ഇത്തരം പോളിസികളുടെ പരിധിയില്‍പ്പെടുത്താവുന്നതാണ്.
ബര്‍ഗ്ലറി പോളിസികള്‍
സ്ഥാപനത്തില്‍ അതിക്രമിച്ച് കയറുക എന്നതാണ് ബര്‍ഗ്ലറി എന്ന നിര്‍വചനത്തില്‍ വരുന്നത്. എന്നാല്‍ സ്ഥാപനത്തില്‍ ഉണ്ടാകുന്ന മോഷണത്തിന് ഇത്തരം പോളിസികള്‍ വഴി പരിരക്ഷ ലഭിക്കില്ല. എന്നാല്‍ ഇത് മറികടക്കാനും വഴിയുണ്ട്. ഇതിനായി `ഫസ്റ്റ് ലോസ് ബേസിസ്' ഓപ്‌ഷനുള്ള ബര്‍ഗ്ലറി പോളിസി എടുത്താല്‍ മതി. മൊത്തം സ്റ്റോക്കിന്റെ ഒരു നിശ്ചിത ശതമാനത്തിന് ഇപ്രകാരം ഇന്‍ഷുര്‍ ചെയ്യാന്‍ സാധിക്കും.
വര്‍ക്ക്‌മെന്‍ കോംപന്‍സേഷന്‍ പോളിസി
ജോലിക്കിടയില്‍ ജീവനക്കാര്‍ക്കുണ്ടാകാനിടയുള്ള അത്യാഹിതങ്ങള്‍ക്കോ അപകടങ്ങള്‍ക്കോ എതിരെ സ്ഥാപന ഉടമയ്‌ക്ക് പരിരക്ഷ നല്‍കുന്ന പോളിസിയാണിത്. ജീവനക്കാരുടെ വാര്‍ഷിക വരുമാനമാണ് സം അഷ്വേര്‍ഡായി കണക്കാക്കുന്നത്. ക്ലെയിം മൂലമുണ്ടാകാനിടയുള്ള ബാധ്യതകള്‍ക്കെതിരെ ഈ പോളിസി പരിരക്ഷ ഉറപ്പാക്കുന്നു.
മെഷിനറി ബ്രേക്ക്‌ഡൗണ്‍ പോളിസി
ആന്തരികവും ബാഹ്യവുമായ കാരണങ്ങളാല്‍ യന്ത്രസാമഗ്രികള്‍ക്ക് ഉണ്ടാകാനിടയുള്ള നാശനഷ്‌ടങ്ങള്‍ക്കെതിരെ ഇത്തരം പോളിസികള്‍ പരിരക്ഷ നല്‍കുന്നു. വൈദ്യുത, യാന്ത്രിക തകരാറുകള്‍ക്ക് ഇത്തരത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. 10 വര്‍ഷത്തിലധികം പഴക്കവും ചുരുങ്ങിയ പ്രവര്‍ത്തന കാലയളവുമുള്ള യന്ത്രങ്ങള്‍ ഇത്തരത്തില്‍ ഇന്‍ഷുര്‍ ചെയ്യണം.
ജീവനക്കാര്‍ നടത്താനിടയുള്ള തട്ടിപ്പിനെതിരെയും പരിരക്ഷ
പണം കൈമാറ്റം തുടര്‍ച്ചയായി നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന പോളിസിയാണ് മണി ഇന്‍ ട്രാന്‍സിറ്റ് ഇന്‍ഷുറന്‍സ് പോളിസി. വിവിധ ശാഖകള്‍ക്കിടയ്‌ക്കും ബാങ്കില്‍ നിന്ന് ശാഖകളിലേക്കും തിരിച്ചുമുള്ള പണം കൈമാറ്റം ഈ പോളിസി വഴി സുരക്ഷിതമാക്കാം.
ഒറ്റത്തവണ പണം കൈമാറ്റത്തിനുള്ള സമയവും വാര്‍ഷിക അടിസ്ഥാനത്തില്‍ എന്തുമാത്രം പണം കൈമാറ്റം ചെയ്യും എന്നതും അടിസ്ഥാനമാക്കിയാണ് പ്രീമിയം കണക്കാക്കുക. ഈ പോളിസി തന്നെ ഫിഡലിറ്റി ഗ്യാരന്റി എന്ന ഓപ്‌ഷനോടെ എടുത്താല്‍ പണം കൈമാറ്റത്തിനിടെ ജീവനക്കാര്‍ നടത്താനിടയുള്ള തട്ടിപ്പുകള്‍ക്കെതിരെയും പരിരക്ഷ ലഭിക്കും.
Market Watch
Thursday, July 21, 2011
ബിസിനസ് റിസ്‌കുകള്‍ക്കെതിരെ പരിരക്ഷ
8:25 PM
Sebin Santhosh